ന്യൂദല്‍ഹി- അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുയുവതി സുപ്രീം കോടതിയില്‍. തന്റെ ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതുമൂലം വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും 27 കാരി ഹരജിയില്‍ പറയുന്നു. അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കണമെന്നാണ് യുവതിയുടെ ആവശ്യം.
അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ 35 കാരനായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നതയും യുവതി പറയുന്നു. നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണ്. വിവാഹബന്ധം തന്നെ തകര്‍ച്ചയുടെ വക്കിലാണ്-യുവതി വ്യക്തമാക്കി.
ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും ഇതിനായി കുടുംബ കോടതിയെ സമീപിച്ചതായും ഹരജിയില്‍ പറഞ്ഞു. പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ഹരജി നല്‍കിയ കമലേഷ് വാസ്വാനി എന്ന അഭിഭാഷകന്‍ മുഖേനയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.