ന്യൂയോര്‍ക്ക്- ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് അസാധാരണമാം വിധം വളരെ കൂടുതൽ ജനിതക മാറ്റങ്ങള്‍ ഉണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിന്റെ വ്യാപനവും അപകടസാധ്യതയും വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനാ വിദഗ്ധര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബി.1.1529 എന്നു വിളിക്കുന്ന പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണെന്നും മുന്നറിയിപ്പുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ച, രോഗ പ്രതിരോധ സംവിധാനം തകര്‍ന്ന വ്യക്തിയില്‍ ആയിരിക്കാം ഈ പുതിയ വകഭേദം രൂപംകൊണ്ടതെന്നും ഇതൊരു എയ്ഡ്‌സ് രോഗി ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും യുസിഎല്‍ ജനറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാസ്വ ബലൂ പറഞ്ഞു. ഇത് എത്രത്തോളം പകരുമെന്ന് ഈ ഘട്ടത്തില്‍ പ്രവചിക്കാനാവില്ല. വ്യാപകമായി പടരാന്‍ തുടങ്ങിയിട്ടില്ല എന്നതിനാല്‍ അമിത ആശങ്കയ്ക്കിടയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദത്തിന്റെ 22 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബ്ള്‍ ഡിസീസസ് അറിയിക്കുന്നു. പുതിയ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന് നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതെയുള്ളൂവെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്രിയന്‍ പുരന്‍ പറഞ്ഞു.
അതിവേഗം കൂടുതല്‍ ജനിതക മാറ്റങ്ങള്‍ സംഭവിക്കുന്ന ഈ കോവിഡ് വകഭേദം വാക്‌സിന്‍ പ്രതിരോധത്തെ മറികടന്നേക്കുമെന്നും വ്യാപനം വര്‍ധിച്ച് കൂടുതല്‍ കടുത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും കരുതപ്പെടുന്നു. ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാന അടക്കമുള്ള അയല്‍ രാജ്യങ്ങളിലും പൂര്‍ണമായും വാക്‌സിനെടുത്തവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.
പുതിയ വകഭേദം റിപോര്‍ട്ട് ചെയ്തതോടെ ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. യുറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്‌സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇറ്റലി വിലക്കേര്‍പ്പെടുത്തിയത്.