ഗുഡ്ഗാവ്- ഹിന്ദുത്വ തീവ്രവാദികള്‍ വെള്ളിയാഴ്ച നമസ്‌ക്കാരം തടയുന്ന ഗുഡ്ഗാവില്‍ ഇത്തവണയും മുസ്‌ലിംകളുടെ നമസ്‌ക്കാരം അലങ്കോലമാക്കാന്‍ ശ്രമിച്ചു. സെക്ടര്‍ 37ല്‍ നമസ്‌ക്കാരത്തിനായി പ്രത്യേകം അനുവദിച്ച സ്ഥലത്തെത്തിയ വിശ്വാസികള്‍ക്കെതിരെ ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളുമായാണ് ഹിന്ദുത്വ തീവ്രവാദികള്‍ രംഗത്തെത്തിയത്. നമസ്‌ക്കാര സ്ഥലത്തിന്റെ 30 മീറ്റര്‍ അകലെ നിന്നായിരുന്നു ഇവരുടെ കോലാഹലം. സ്ഥലത്ത് 150ഓളം പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും 30ഓളം പോലീസുകാര്‍ മാത്രമാണ് ഇവരെ തടയാനുണ്ടായിരുന്നത്. ഇവിടെ നമസ്‌ക്കാരത്തിനെത്തിയ മുസ്‌ലിംകളില്‍ ഏറെ പേരും പ്രതിഷേധത്തെ തുടര്‍ന്ന് നമസ്‌ക്കരിക്കാതെ പോയി. 25ഓളം പേരാണ് നമസ്‌ക്കാരത്തിനുണ്ടായിരുന്നത്. 20 മനിറ്റ് നീണ്ട ജുമുഅ നമസ്‌ക്കാരം കഴിഞ്ഞയുടന്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്ഥലം കയ്യേറുകയും ചെയ്തു. ഇവിടെ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിന്റെ ഭാഗമായി ഹോമവും നടത്തി. നമസ്‌ക്കാരത്തിനെത്തിയവര്‍ സമാധാനപരമായി തന്നെ തിരിച്ചു പോയി. സിഖ് സമുദായം സ്ഥലം അനുവദിച്ചിരുന്നെങ്കിലും ഗുഡ്ഗാവിലെ ഗുരുദ്വാരകളിലും ഇന്ന് നമസ്‌ക്കാരം നടന്നില്ല.
നമസ്‌ക്കാരത്തിന് മുസ്ലിംകള്‍ സ്ഥലം ആവശ്യപ്പെടാത്തതിനാല്‍ നമസ്‌ക്കാരത്തിന് ഇടം നല്‍കിയില്ലെന്ന് ഗുരുദ്വാര സിങ് സഭാ കമ്മിറ്റി അറിയിച്ചു. അതേസമയം മുസ്ലിം സമുദായത്തെ പിന്തുണയ്ക്കുമെന്നും അവര്‍ അറിയിച്ചു. ഇതിനിടെ ഗുഡ്ഗാവിലെ ഒരു ഗുരുദ്വാരയ്ക്കു സമീപം മുസ്ലിം വിരുദ്ധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നമസ്‌ക്കാരം നടക്കുന്ന സ്ഥലത്ത് നേരത്തെ ഹിന്ദുത്വ തീവ്രവാദികള്‍ ചാണം പരത്തുകയും ചെയ്തിരുന്നു.