ഐസ്വാള്‍- മിസോറാമില്‍ ഭൂചലനം. മിസോറാമിലെ തെന്‍സ്വാളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സീസ്‌മോളജി സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 6.1 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. തെന്‍സ്വാളില്‍ 73 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം എന്നാണ് എന്‍സിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.ബംഗ്ലദേശിലെ ചിറ്റഗോങ്ങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്തയില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി പറയുന്ന നിരവധി ട്വീറ്റുകള്‍ രാവിലെയോടെ ട്വിറ്ററില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. വളരെ ശക്തമായ ഭൂചലനം എന്നാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്ത മെഡിറ്റനേറിയന്‍ സിസ്‌മോളജി സെന്റര്‍ ട്വിറ്റര്‍ പേജില്‍ ഒരു ചിറ്റഗോങ്ങ് സ്വദേശി ട്വീറ്റ് ചെയ്തത്. ഭൂകമ്പ പ്രഭവ കേന്ദ്രത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണ് ചിറ്റഗോങ്ങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിലെ വിവിധ പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടു. എന്നാല്‍ നാശ നഷ്ടങ്ങളോ, മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.