ന്യൂദൽഹി - കായിക ചരിത്രത്തിലെ പുതുമയായി ഇന്ത്യൻ ഹോക്കി ടീമുകളെ ഒഡീഷ സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്യും. അഞ്ചു വർഷത്തേക്ക് ഹോക്കി ടീമുകളെ സ്‌പോൺസർ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീൻ പട്‌നായിക്കാണ് പ്രഖ്യാപിച്ചത്. ചടങ്ങിൽ ഇന്ത്യയുടെ പുരുഷ, വനിതാ കളിക്കാർ പങ്കെടുത്തു. രാജ്യാന്തര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര, ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവരും സന്നിഹിതരായിരുന്നു.
ടീം ജഴ്‌സിയിൽ പതിക്കേണ്ട ഒഡീഷയുടെ പുതിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. കോണാർക്ക് ചക്രവും കടൽ തീരവും ഒലിവ് റെഡ്‌ലി ആമയുമൊക്കെയുൾപ്പെടുന്നതാണ് ലോഗോ. എന്നാൽ എത്ര തുകയുടേതാണ് സ്‌പോൺസർഷിപ് എന്ന് വെളിപ്പെടുത്തിയില്ല. ഒഡീഷക്ക് ഹോക്കി വെറും കളിയല്ല ജീവിത ശൈലിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിലീപ് തിർക്കി, ഇഗ്‌നേസ് തിർക്കി, ലസാറസ് ബാർല തുടങ്ങി നിരവധി അതികായന്മാരായ കളിക്കാർ ഒഡീഷക്കാരാണ്. ഇപ്പോഴത്തെ ടീമിൽ ബിരേന്ദ്ര ലാക്ര, അമിത് റൊഹിദാസ്, ദീപ്‌സാൻ തിർക്കി, നമിത ടോപ്പൊ എന്നിവരുണ്ട്. ഹോക്കി ഇന്ത്യ ലീഗിൽ ഒഡീഷയിലെ കലിംഗ ലാൻസേഴ്‌സ് കിരീടം നേടിയിരുന്നു. തലസ്ഥാന നഗരിയായ ഭുവനേശ്വറിൽ 2014 ചാമ്പ്യൻസ് ട്രോഫിയും കഴിഞ്ഞ വർഷത്തെ ഹോക്കി വേൾഡ് ലീഗ് ഫൈനൽസും അരങ്ങേറിയിരുന്നു. ഈ വർഷം ഭുവനേശ്വറിൽ നടക്കുന്ന ലോകകപ്പിന്റെ ടൈറ്റിൽ സ്‌പോൺസർമാരും ഒഡീഷ തന്നെയായിരിക്കും.