ന്യൂദല്‍ഹി- വിവാദമായ മൂന്ന് കൃഷി നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ശേഷം കര്‍ഷക സമര കേന്ദ്രമായ ദല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം കെട്ടടങ്ങുന്ന ലക്ഷണമില്ല. മോഡിയുടെ പ്രഖ്യാപനത്തിനു ശേഷം സമര ഭൂമിയിലെത്തുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി സിംഘു, തിക്രി അതിര്‍ത്തിയിലേക്ക് റോഡ്, റെയില്‍ മാര്‍ഗം എത്തിക്കൊണ്ടിരിക്കുകയാണ്. ദല്‍ഹി അതിര്‍ത്തിയിലെ സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രമുഖ കര്‍ഷക യൂണിയന്‍ വെള്ളിയാഴ്ച സമര ഭൂമിയില്‍ മഹാപഞ്ചായത്ത് നടത്തുമെന്ന് അറിയിച്ചിരുന്നു.
പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും നിയമപരമായി പാര്‍ലമെന്റില്‍ ബില്ല് പാസാക്കി മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കര്‍ഷക നേതാക്കളുടെ തീരുമാനം. കൂടതെ മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്നും കര്‍ഷകര്‍ ശക്തമായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതുള്‍പ്പെടെ തങ്ങളുടെ ആറ് ആവശ്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ഞായറാഴ്ച സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.