ലഖ്‌നൗ- കിഴക്കന്‍ യുപിയിലെ നോയ്ഡയില്‍ പുതിയ രാജ്യാന്തര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിട്ടതിനെ കൊട്ടി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി സര്‍ക്കാര്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നത് എങ്ങനെ വിശ്വസിക്കുമെന്നും പുതിയവ നിര്‍മിക്കുമ്പോള്‍ നിലവിലുള്ള വിമാനത്താവളങ്ങള്‍ അവര്‍ വിറ്റഴിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. യുപി തലസ്ഥാനമായ ലഖ്‌നൗവിലെ വിമാനത്താവളം നേരത്തെ സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നല്‍കിയിരുന്നു. ഒരു സര്‍ക്കാര്‍ വിമാനത്താവളം വിറ്റു മറ്റൊന്ന് നിര്‍മിക്കുന്നതിനു പിന്നിലെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുപി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വന്‍ പ്രചരണ റാലിയാക്കി മാറ്റിയിരുന്നു ഗ്രെയ്റ്റര്‍ നോയ്ഡയില്‍ വ്യാഴാഴ്ച നടന്ന ജെവാര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങ്.
ബിജെപി സര്‍ക്കാര്‍ എയര്‍പോര്‍ട്ടുകള്‍ വിറ്റഴിക്കുന്ന തിരക്കിലാണെന്നും ദല്‍ഹി എയര്‍പോര്‍ട്ടു പോലും നഷ്ടം സഹിക്കുമ്പോള്‍ ഈ വിമാനത്താവളങ്ങളില്‍ നിന്ന് ആര്‍ക്കാണ് ലാഭം കിട്ടുന്നതെന്നും അഖിലേഷ് ചോദിച്ചു. എസ്പി സഖ്യകക്ഷിയായ ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്) ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിങ് രാജ്യാന്തര വിമാനത്താവളത്തിനു സമീപം സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.