കൊല്‍ക്കത്ത- മേഘാലയ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ചയാണ് ബുധനാഴ്ച രാത്രി മേഘാലയ കോണ്‍ഗ്രസിലുണ്ടായ അട്ടിമറിയില്‍ കലാശിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വിന്‍സെന്റ് പാലയെ നിയമിച്ചതിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ മാസങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്കും സാങ്മയുടെ അതൃപ്തിക്കുമിടെയാണ് പ്രശാന്ത് കിഷോറിന്റെ ഇടപെടലുണ്ടായത്. കാര്യക്ഷമമായ ഒരു പ്രതിപക്ഷമാണ് നമുക്ക് ആവശ്യമെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിരാശയാണെന്നും സാങ്മ പറയുന്നു. ദല്‍ഹിയിലേക്ക് പലതവണ യാത്ര ചെയ്‌തെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്നും സാങ്മ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മറ്റു വഴികള്‍ അന്വേഷിച്ചതെന്നും പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് കിഷോറിന് മാറ്റമുണ്ടാക്കാന്‍ കഴിയും. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ഇരുവരും ഒരേ ലക്ഷ്യം പങ്കിടുന്നവരാണെന്ന് ബോധ്യപ്പെട്ടു. ജനങ്ങളുടെ താല്‍പര്യമാണ് എല്ലാറ്റിനും മുകളിലുള്ളത്- സാങ്മ പറഞ്ഞു.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മിന്നും ജയം നേടി അധികാരമുറപ്പിച്ചതില്‍ സുപ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ ബംഗാളിനു പുറത്തേക്ക് ദേശീയ തലത്തില്‍ തൃണമൂലിനെ വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആദ്യപടിയായി ചെറു സംസ്ഥാനങ്ങളിലാണ് നീക്കങ്ങള്‍. ത്രിപുരയിലും ഗോവയിലും ഹരിയാനയിലും സജീവമായ അണിയറ നീക്കങ്ങള്‍ നടന്നുവരുന്നു. ത്രിപുരയില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി ചുവടുറപ്പിച്ചു വരികയാണ്. അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തൃണമൂലിന് കണ്ണുണ്ടെന്ന് മേഘാലയ അട്ടിമറിയോടെ വ്യക്തമായിരിക്കുകയാണ്. എല്ലായിടത്തും കോണ്‍ഗ്രസിനു പിഴച്ചിടത്തു നിന്നാണ് തൃണമൂലിന്റെ മുതലെടുപ്പ്.
മുകുള്‍ സാങ്മ മേഘാലയ പ്രതിപക്ഷ നേതാവാണ്. 17 എംഎല്‍എമാരാണ് മേഘാലയില്‍ കോണ്‍ഗ്രസിനുള്ളത്. ഇവരില്‍ സാങ്മ ഉല്‍പ്പെടെ 12 പേരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതോടെ തൃണമൂല്‍ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി മാറി. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
2012ലാണ് മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതെങ്കിലും ഇതുവരെ കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 60 സീറ്റുള്ള നിയമസഭയില്‍ 35 സീറ്റുകളില്‍ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ പ്രമുഖരുടെ ഒരു നിരന്ന തന്നെ പാര്‍ട്ടിയിലെത്തിയതോടെ തൃണമൂലിന് സംസ്ഥാനത്ത് പുത്തനുണര്‍വ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2023ലാണ് മേഘാലയയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോറിന്റെ സംഘം ഇപ്പോള്‍ ഷില്ലോങ്ങില്‍ ഉണ്ട്. വരും നാളുകളില്‍ മുകള്‍ സാങ്മയെ മുന്‍ നിര്‍ത്തിയാകും തൃണമൂല്‍ സംസ്ഥാനത്ത് ചുവടുറപ്പിക്കുക.