ന്യൂദല്‍ഹി- സിഖ് വിരുദ്ധ പരാമര്‍ശം നടത്തിയ നടി കങ്കണ റണൗട്ടിനെ ദല്‍ഹി നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി ചോദ്യം ചെയ്യാന്‍ വിളിച്ചിപ്പിച്ചു. ബിജെപി, സംഘപരിപാര്‍ അനുകൂല നിലപാടുകളും പ്രസ്താവനകളുമായി നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന സെലിബ്രിറ്റിയായ കങ്കണ ഇന്‍സ്റ്റഗ്രാമിലാണ് സിഖ് വിശ്വാസികള്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചുവെന്നും 80 ലക്ഷം ഫോളോവേഴ്‌സുള്ള കങ്കണ സിഖ് വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തുകയും സമാധാന അന്തരീക്ഷത്തെ അലങ്കോലമാക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തുന്നതെന്നും എഎപി നേതാവ് രാഘവ് ഛദ്ദ എംഎല്‍എ അധ്യക്ഷനായ നിയമസഭാ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് 12 മണിക്ക് ഹാജരാകാനാണ് സമിതി കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ഈ പരാതികളുടെ പ്രധാന്യം കണക്കിലെടുത്താണ് കങ്കണയോട് കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പ്രശ്‌നം സമഗ്രമായി ചര്‍ച്ചാനാണ് വിളിപ്പിക്കുന്നതെന്നും സമിതി അറിയിച്ചു. സിഖ് കര്‍ഷകരെ തീവ്രവാദികളെന്ന് വിളിച്ചതിന് മുംബൈയില്‍ കങ്കണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
2020 ഫെബ്രുവരിയില്‍ ദല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരെ ആസൂത്രിത കലാപം നടന്നതിനു ശേഷമാണ് നിയമസഭാ പീസ് ആന്റ് ഹാര്‍മണി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞയാഴ്ച ഈ സമിതി വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ ഫെയ്‌സ്ബുക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു.