മുംബൈ- മുംബൈയിലെ പ്രവര്‍ത്തന നിലച്ച ശക്തി മില്‍സ് പരിസരത്ത് 2013ല്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളുടെ വധ ശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവാക്കി വെട്ടിക്കുറച്ചു. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിക്കാന്‍ പ്രതികള്‍ ജീവിതാവസാനം വരെ തടവുശിക്ഷയാണ് അര്‍ഹിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രതികളായ വിജയ് ജാദവ്, മുഹമ്മദ് ഖാസിം ശെയ്ഖ്, മുഹമ്മദ് അന്‍സാരി എന്നിവരുടെ വധശിക്ഷ സ്ഥിരീകരിക്കാന്‍ കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ സാധന ജാദവ്, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
വധശിക്ഷ പശ്ചാത്താപത്തിനുള്ള അവസരം ഇല്ലാതാക്കുന്നു. പ്രതികള്‍ വധശിക്ഷ മാത്രമെ അര്‍ഹിക്കുന്നുള്ളൂ എന്നു പറയാനാകില്ല. ജീവിത കാലം മുഴവന്‍ നമസ്താപം ഉണ്ടാകാന്‍ അവര്‍ക്ക് ജീവപര്യന്തം തടവിനാണ് അര്‍ഹത- കോടതി പറഞ്ഞു. സമൂഹത്തിലിറങ്ങാന്‍ പ്രതികള്‍ക്ക് അവസരം നല്‍കാരുതെന്നും പരോള്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.
22കാരിയായ ഫോട്ടോജേണലിസ്റ്റിനെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ 2014 മാര്‍ച്ചിലാണ് നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചത്. ഈ സംഭവം നടന്ന സ്ഥലത്തു വച്ചു തന്നെ 19കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ കൂടി പ്രതികളായിരുന്നു മൂന്നു പേര്‍. ഇവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. നാലാം പ്രതി സിറാജ് ഖാനെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയാക്ക ഒരു പ്രതിയെ ദുര്‍ഗുണ പാഠശാലയിലേക്കും അയച്ചു.