ബ്രണ്‍സ്‌വിക്ക്- അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ അഹ് മൌദ് അര്‍ബെറിയെ (25) ഓടിച്ചിട്ട് വെടിവെച്ചുകൊന്ന സംഭവത്തില്‍ മൂന്ന് വെള്ളക്കാരെ ജോര്‍ജിയന്‍ കോടതി ശിക്ഷിച്ചു. സ്വയം പ്രതിരോധത്തിനാണ് കൊല നടത്തിയതെന്ന പ്രതികളുടെ വാദം കോടതി നിരാകരിച്ചു. അമേരിക്കയിലെ തോക്ക് സംസ്‌കാരവും വംശീയ വിരോധവും ഒരിക്കല്‍ കൂടി വെളിപ്പെടുത്തിയ സംഭവമാണിത്.ജീവപര്യന്തം ജയില്‍ശിക്ഷ നേരിടുന്ന പ്രതികള്‍ വിദ്വേഷ കുറ്റകൃത്യത്തില്‍ മറ്റൊരു കേസില്‍ കൂടി വിചാരണ നേരിടുന്നുണ്ട്.
ഗ്രിഗറി മക്‌മൈക്കല്‍ (65) മകന്‍ ട്രാവിസ് മക്‌മൈക്കല്‍ (35) അയല്‍വാസി വില്യം റോഡി ബ്രയാന്‍ (52) എന്നിവരെയാണ് രണ്ടാഴ്ചത്തെ വിചാരണയ്ക്ക് ശേഷം ശിക്ഷിച്ചത്. ഒരു കറുത്ത വര്‍ഗക്കാരനും 11 വെള്ളക്കാരായ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന ജൂറിയാണ് വിധി പ്രസ്താവിച്ചത്.
അമേരിക്കയിലെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ അതിന്റെ ജോലി കൃത്യമായി ചെയ്യുന്നുവെന്നാണ് ശിക്ഷാവിധി തെളിയിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വംശീയ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നാം ഇനിയുംഎത്ര ദൂരം പോകണമെന്നു കൂടി വെളിപ്പെടുത്തുന്നതാണ് സംഭവം. തൊലിയുടെ നിറത്തിന്റെ പേരില്‍ ആരും ഭയപ്പെടാത്ത ഐക്യം കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.