അഹമ്മദാബാദ്- മുറുക്കാന്‍ വിതരണക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 100 കോടി രൂപ കണ്ടെത്തി. ഗുജറാത്തിയായ ഗൂഡ്ക മൊത്തവിതരണക്കാരന്റെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 16ന് ആദായ നികുതി വകുപ്പ് ഇയാളുമായി ബന്ധപ്പെട്ട 15 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. അതേസമയം, ഈ ഗൂഡ്കാ വിതരണ ഗ്രൂപ്പിന്റെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പരിശോധനയില്‍ 7.5 കോടിയുടെ പണവും നാല് കോടിയുടെ ആഭരണങ്ങളും കണ്ടെത്തിയിരുന്നു. 30 കോടിയുടെ കണക്കില്‍ ഉള്‍പ്പെടാത്ത വരുമാനവും കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ രേഖകളില്‍ കാണിക്കുന്നു.
അതിന് പുറമെ, നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും അന്ന് കണ്ടെത്തിയിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഗുഡ്കാ വിതരണ കമ്പനി ടാക്‌സ് തട്ടിപ്പ് നടത്തിയതായി പ്രഥമ ദൃഷ്ഠ്യാ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും കണക്കില്‍ പെടാത്ത പണം ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുകയും ചെയ്തു. അതിന് പുറമെ, വില്‍പ്പനയിലും മറ്റും വിലകുറച്ച് കാണിക്കുകയും ചെയ്തിരുന്നുവെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. പരിശോധന തുടങ്ങി വൈകാതെ തന്നെ 100 കോടിയിലധികം കണക്കില്‍ പെടാത്ത സ്വത്ത് വകകള്‍ കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇതില്‍ 30 കോടിയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ മാത്രമാണ് കമ്പനി അംഗീകരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ വിശകലനത്തില്‍ വില്‍പന നടത്തിയതിന്റെ വിവരങ്ങള്‍ അക്കൗണ്ട് ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സ്ഥാവര സ്വത്തുക്കളില്‍ സംഘം വെളിപ്പെടുത്താത്ത നിക്ഷേപം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയതായും പ്രസ്താവനയില്‍ പറയുന്നു. ആദായനികുതി വകുപ്പ് സംഘത്തിന്റെ ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുകയും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തു.