കൊച്ചി-ആലുവയില്‍ നിയമവിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയനായ സിഐ സിഎല്‍ സുധീറിന് ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആലുവ ഡിവൈഎസ്പി പി.കെ. ശിവന്‍കുട്ടി നല്കിയ റിപ്പോര്‍ട്ടിലാണ് സിഐക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മോഫിയയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എസ്പി കെ കാര്‍ത്തിക് വീണ്ടും ആവശ്യപ്പെട്ടു.
മോഫിയ നല്കിയ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സിഐയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബുധനാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതി സിഐയുടെ മുന്പില് വെച്ച് ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനിലെത്തിയവരോട് സംസാരിച്ചാണ് ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതിനിടെ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ സമരം തുടരുകയാണ്. സിഐക്ക് എതിരെ നടപടി തേടി ആലുവയില്‍ ബഹുജന മാര്‍ച്ചും കെഎസ്യു മാര്‍ച്ചും ഇന്ന് നടക്കും. കോണ്‍ഗ്രസിന്റെ പ്രതിഷേധം ആലുവ സ്റ്റേഷനില്‍ രാത്രിയിലും തുടരുന്നതിന് ഇടയില്‍ മോഫിയയുടെ അമ്മ സമര സ്ഥലത്ത് എത്തി. വിങ്ങിപ്പൊട്ടിയ മോഫിയയുടെ അമ്മയെ നേതാക്കള്‍ ആശ്വസിപ്പിച്ചു.