ദുബായ്- മോഹൻലാലിന് നടി മീനയുടെ അഭിനന്ദനം. ലോകത്തെ മികച്ച പത്ത് നടന്മാരിലൊരാളാണ് ലാലേട്ടനെന്ന് താരം ദുബായിൽ പറഞ്ഞു. മോഹൻലാലിന്റെ നായികയായി അഭിനയിച്ച മുന്തിരി വള്ളികൾ തളിർത്തപ്പോൾ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ മീന വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ലാലേട്ടനെപ്പോലുള്ള മികച്ച അഭിനേതാവിനോടൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും വലിയ പാഠങ്ങളാണ്. തുടർച്ചയായി അദ്ദേഹത്തിന്റെ നായികയാകാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നു. തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിക്കുന്നുണ്ടെങ്കിലും, മലയാളത്തിലാണ് എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നത്. മലയാളത്തിൽ അഭിയനിച്ച ഹിറ്റ് ചിത്രങ്ങൾ ഇതര ഭാഷകളിലേക്ക് റിമെയ്ക്ക് ചെയ്യുമ്പോൾ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നു. മലയാളത്തിൽ പുതുതായി ഒരു ചിത്രത്തിലും കരാറായിട്ടില്ല. സിനിമയോടൊപ്പം കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നതിനാലാണ് സിനിമകൾ കുറയുന്നതെന്നും താരം പറഞ്ഞു.
മോഹൻലാലിനും ബിജു മേനോനും അവരുടേതായാ അഭിനയ ശൈലിയാണ് ഉള്ളതെന്ന് ചിത്രത്തിന്റെ സംവിധായകൻ ജിബു ജേക്കബ് പറഞ്ഞു. ആദ്യ ചിത്രമായ വെള്ളിമൂങ്ങയിൽ ബിജു മേനോനായിരുന്നു നായകൻ. പിന്നീട്, മോഹൻലാലിനെ പോലുള്ള സൂപ്പർ താരത്തോടൊപ്പം പ്രവർത്തിച്ചപ്പോഴും യാതൊരു വ്യത്യാസവും തോന്നിയിട്ടില്ല. നായക കഥാപാത്രത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്ന ബിജു മേനോന് വെള്ളിമൂങ്ങയുടെ വിജയം വലിയ ബ്രേക്കാണ് നൽകിയത്. പുതിയ തലമുറയിലെ ചിത്രങ്ങളിൽ അച്ഛനുമമ്മയും ഒഴിവാകുകയാണെന്ന അഭിപ്രായത്തോട് പൂർണമായി യോജിപ്പില്ലെന്നും ജിബു ജേക്കബ് പറഞ്ഞു.
സമൂഹ മാധ്യമങ്ങൾ ഒരു ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതായി മുന്തിരിവള്ളികളുടെ തിരക്കഥാകൃത്തായ സിന്ധുരാജ് പറഞ്ഞു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ച് പറയുന്ന ചിത്രമാണിത്. ഇത്തരം ചിത്രങ്ങളുടെ പ്രസക്തി ഒരിക്കലും നഷ്ടമാകുന്നില്ല. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രവുമായി മുന്തിരിവള്ളികൾക്ക് സമാനതകളുണ്ടെന്ന ആരോപണങ്ങൾ തീർത്തും തെറ്റാണ്. ആ ചിത്രം പുറത്തിറങ്ങുമ്പോഴേയ്ക്കും മുന്തിരിവള്ളികളുടെ ചിത്രീകരണം അവസാനിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം മാത്രമേ ഒരു ചിത്രത്തെ വിമർശിക്കാൻ പാടുള്ളൂ. ഫഹദ് ഫാസിലിനെ നായകനാക്കി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് പുതുതായി രചന നിർവഹിക്കുന്നതെന്നും സിന്ധുരാജ് പറഞ്ഞു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തെ സമൂഹ മാധ്യമങ്ങളിലൂടെ നശിപ്പിക്കാൻ ശ്രമിച്ച രണ്ട് പേർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകിയതായി ചിത്രത്തിന്റെ നിർമാതാവ് ദുബായിൽ സംരംഭക കൂടിയായ സോഫിയാ പോൾ പറഞ്ഞു. ക്യാമറമാൻ പ്രമോദ് കെ.പിള്ളയും സംബന്ധിച്ചു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. ആദ്യ ചിത്രം പോളിടെക്‌നിക്.
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ യുഎഇയിലെ അമ്പത്തിഅഞ്ചിലേറെ പാഴ്‌സി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് റിലീസ് ചെയ്തു. ഇന്നലെ രാത്രി ദെയ്‌റ ഗലേറിയ തിയറ്ററിൽ നടന്ന പ്രിമിയർ ഷോയിലും അണിയറ പ്രവർത്തകർ പങ്കെടുത്തു.