ചണ്ഡീഗഡിലുണ്ട്, ഉടന്‍ മുംബൈയില്‍ എത്തുമെന്ന് പിടികിട്ടാപുള്ളിയായ മുന്‍ മുംബൈ കമ്മീഷണര്‍

മുംബൈ- മുംബൈയിലെ കുറ്റപ്പിരിവ് കേസുകള്‍ പ്രതിയായി കോടതി പിടികിട്ടാപുള്ളിയായ പ്രഖ്യാപിച്ച മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ് താന്‍ ചണ്ഡീഗഡിലുണ്ടെന്ന് അറിയിച്ചു. ഉടന്‍ മുംബൈ യില്‍ എത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിലോ പോലീസിനു മുമ്പാകെയോ കീഴടങ്ങുമോ എന്ന ചോദ്യത്തിന് അതു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പരം ബീര്‍ സിങിന്റെ മറുപടി. അറസ്റ്റില്‍ നിന്നും സുപ്രീം കോടതി പരം ബീറിന് കഴിഞ്ഞ ദിവസം സംരക്ഷണം നല്‍കിയിരുന്നു.

മുംബൈ പോലീസ് കമ്മീഷണര്‍ പദവിയില്‍ നിന്ന് സ്ഥലംമാറ്റിയ ശേഷം മേയ് മുതല്‍ പരം ബീര്‍ സിങ് ജോലിക്കെത്തിയിട്ടില്ല. ഈ സ്ഥലംമാറ്റലിനു പിന്നാലെയാണ് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ ദേശ്മുഖിനെതിരെ പരം ബീര്‍ സിങ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തു വന്നത്. 

റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയ കേസില്‍ പ്രതിയായ മുംബൈ പോലീസ് ഓഫീസര്‍ സചിന്‍ വാസെ അറസ്റ്റിലാകുകയും വാഹന ഉടമയെ ദുരൂഹ സാചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് പരം ബീറിനെ കമ്മീഷണര്‍ പദവിയില്‍ നിന്ന് മാറ്റിയത്.
 

Latest News