പാലക്കാട്- മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകനെ കൊലപ്പെടുത്താനെത്തിയ അക്രമിസംഘം യാത്ര ചെയ്തിരുന്ന കാറിന്റെ ഭാഗങ്ങൾ പൊള്ളാച്ചിയിൽ കണ്ടെത്തി. പൊള്ളാച്ചി കുമാരപാളയം തിരിവിലെ സ്വകാര്യ വർക്ക്‌ഷോപ്പിലാണ് വാഹനം പൊളിച്ചു മാറ്റിയ നിലയിൽ കണ്ടെത്തിയത്.
തെളിവ് നശിപ്പിക്കുന്നതിനായി പ്രതികൾ തന്നെയാണ് കാർ അതിർത്തി കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് രണ്ടു പേർ കാർ പൊളിക്കാൻ കൊണ്ടുവന്നതെന്ന് വർക്ക് ഷോപ്പിലെ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. പതിനയ്യായിരം രൂപക്ക് കച്ചവടം ഉറപ്പിച്ചു. ആർ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ കാണിച്ചിരുന്നുവെന്നും ഇംഗ്ലീഷ് വശമില്ലാത്തതിനാൽ കടലാസുകളിലെഴുതിയ കാര്യങ്ങൾ പൂർണമായും മനസ്സിലായില്ലെന്നുമാണ് ജീവനക്കാർ പോലീസിനോട് പറഞ്ഞത്. കാർ എത്തിച്ച രണ്ടു പേരേയും കണ്ടാൽ തിരിച്ചറിയുമെന്നും അവർ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് വാഹനം പൊളിച്ചു തുടങ്ങിയത്. പോലീസ് എത്തുമ്പോൾ കാറിന്റെ എൻജിനും ടയറുകളും ഡോറുകളുമെല്ലാം മാറ്റിയ നിലയിലായിരുന്നു. ഫോറൻസിക് പരിശോധന നടത്താനായി ഇവ കസ്റ്റഡിയിലെടുത്ത്. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ രക്തക്കറ ഉൾപ്പെടെെയുള്ള തെളിവുകൾ കണ്ടെത്തനായാൽ കേസിന് ഏറെ സഹായകമാവും.
കേസിൽ ഇതുവരെ രണ്ട് പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇരുവരും. ആദ്യത്തെ അറസ്റ്റ് തിങ്കളാഴ്ചയും രണ്ടാമത്തേത് ചൊവ്വാഴ്ച രാത്രിയുമാണ് രേഖപ്പെടുത്തിയത്. ഇവരെ റിമാന്റ് ചെയ്തിട്ടുണ്ട്. തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കേണ്ടതിനാൽ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും എസ്.ഡി.പി.ഐയുടേയും പോപ്പുലർ ഫ്രണ്ടിന്റേയും പ്രാദേശിക നേതാക്കളാണ്. അവരിൽ പലരും പ്രതിപ്പട്ടികയിലിടം പിടിക്കുമെന്നാണ് സൂചന. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചു പേരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്കു പുറമേ ആസൂത്രണത്തിൽ പങ്കാളികളായവരും തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നവരും പ്രതികളാകും. മുതലമട വഴിയാണ് കാറ് തമിഴ്‌നാട്ടിലേക്ക് കടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ആദ്യം അറസ്റ്റ് ചെയ്ത പ്രതിയെ ചൊവ്വാഴ്ച കോടതി റിമാന്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി. രണ്ടാമത് അറസ്റ്റിലായ ആളെ ഇന്നലെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. ഇന്ന് അയാളേയും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.