Sorry, you need to enable JavaScript to visit this website.

ഹലാൽ പഠിച്ച് മനസ്സിലാക്കാൻ ഹരജിക്കാരനോട് ഹൈക്കോടതി

കൊച്ചി- ഹലാൽ എന്ന പ്രയോഗം മനസ്സിലാക്കിയാണോ ശബരിമലയിലെ ഹലാൽ ശർക്കര തടയണമെന്ന ഹരജി സമർപ്പിച്ചതെന്നു ഹരജിക്കാരനോട് ഹൈക്കോടതി. ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 
ഹലാൽ എന്താണെന്നു വിശദമായി പഠിച്ച് മനസ്സിലാക്കി ഇന്ന് കേസ് പരിഗണിക്കുമ്പോൾ ബോധിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ഹലാലിനെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടു വേണമായിരുന്നു ഹരജി നൽകേണ്ടിയിരുന്നതെന്നു കോടതി വാക്കാൽ വ്യക്തമാക്കി. സ്വന്തം  നിലയിൽ മനസ്സിലാക്കിയ ഹലാൽ എന്താണെന്ന്   വ്യക്തമായി ബോധിപ്പിക്കണം. എങ്കിൽ മാത്രമേ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഇതിനെ എതിർക്കാനാവൂവെന്നും കോടതി ചൂണ്ടിക്കാട്ടി.  


ആരോപണങ്ങളിൽ വ്യക്തത വരുത്താനുള്ള ബാധ്യത ഹരജിക്കാരനുണ്ട്. ഹലാലിന്റെ നിർവചനം ഹരജിയിലെ ആരോപണത്തിനനുസരിച്ചു വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. എന്താണ് ഭക്ഷണ പദാർഥങ്ങളിൽ ഉൾപ്പെടുത്തേണ്ടതെന്നു നിർവചിക്കുകയാണ് പദം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് കോടതി പരാമർശിച്ചു. 
ഹലാൽ എന്നത് ഇസ്്ലാമിക കാഴ്ചപ്പാടാണ്. ഇതിൽ പറയുന്നത് നിയമപരമായും അനുവദിക്കപ്പെട്ടതുമായ ഭക്ഷണ പദാർഥങ്ങൾ എന്തൊക്കെയെന്നതാണ്. ഹരജിക്കാരൻ എതിർക്കുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹലാൽ എന്നതിന്റെ കാഴ്ചപ്പാടിൽ ചില വസ്തുക്കൾ നിരോധിക്കപ്പെട്ടവയാണ്. ബാക്കിയുള്ള ഉൽപന്നങ്ങൾ ഹലാൽ എന്നാണ് മനസ്സിലാക്കുന്നത്. ഹലാൽ സർട്ടിഫിക്കേഷൻ എന്നത് ഏതെങ്കിലും പ്രത്യേക ഉൽപന്നങ്ങൾക്കു മാത്രമായുള്ളതല്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു. സുപ്രീംകോടതിയുടെ വിധിന്യായങ്ങളുമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹരജിയിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും കേസിൽ വാദം തുടങ്ങുന്നതിനുമുൻപ് ഹലാൽ കാഴ്ചപ്പാടിനെ കുറിച്ച് മനസ്സിലാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. 


നിഷ്‌കളങ്കരായ ഭക്തർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നായിരുന്നു ഹരജിയിലെ ആരോപണം. മറ്റു മതസ്ഥരുടെ ആചാര പ്രകാരം തയ്യാറാക്കിയ ഹലാൽ ശർക്കര ഇതര മതസ്ഥരുടെ ക്ഷേത്രങ്ങളിൽ വിതരണം ചെയ്യാൻ ഇടവരുത്തുന്നത് ഹിന്ദു മതാചാരങ്ങളുടെ ഗൗരവമായ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിച്ചിരുന്നു. ഒരു സമുദായത്തിന്റെ ആചാരത്തിന്റെ ഭാഗമാണിതെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകൻ നൽകിയ വിശദീകരണം. വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങൾ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി അജിത്കുമാറും ചൂണ്ടിക്കാട്ടി. 
വിഷയം ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഇതിനുള്ള ഹരജിക്കാരന്റെ മറുപടി. ഹരജിയിൽ ശർക്കര നൽകിയ കരാറുകാരേയും ബാക്കിവന്ന ശർക്കര ലേ ലത്തിലെടുത്തവരേയും കക്ഷി ചേർക്കണമെന്ന് ബുധനാഴ്ച ഹരജി പരിഗണിക്കവേ കോടതി നിർദേശിച്ചു. 


2019-20ൽ അപ്പം -അരവണ നിർമാണത്തിന് ശർക്കര ലഭ്യമാക്കിയ കരാറുകാരനായ മഹാരാഷ്ട്രയിലെ വർധാൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് കമ്പനിയേയും ശബരിമലയിൽ ഉപയോഗിക്കാതെ ബാക്കിയായ ശർക്കര വാങ്ങിയ തൃശൂരിലെ സതേൺ അഗ്രോ ടെക്കിനെയും കക്ഷി ചേർക്കാനാണ് നിർദേശം. പ്രസാദം തയ്യാറാക്കുന്നതിന് കാലാവധി കഴിഞ്ഞതോ അശുദ്ധമായതോ ആയ ശർക്കര ഉപയോഗിക്കാറില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ കോടതിയെ അറിയിച്ചു. 2021ൽ വാങ്ങിയതും സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതുമായ ശർക്കര പാക്കറ്റുകളിൽ ഹലാൽ മുദ്രയില്ലെന്നും സർക്കാർ കോടതിയിൽ  വിശദീകരിച്ചു. 

Latest News