ഷില്ലോങ്- മേഘാലയയില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ ഉള്‍പ്പെടെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇക്കാര്യം അറിയിച്ച് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയെന്നാണ് റിപോര്‍ട്ട്. ഇതോടെ 17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ അഗബലം വെറും അഞ്ചായി ചുരുങ്ങി. തൃണമൂല്‍ സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുമായി. തൃണമൂല്‍ നടത്തിയ അട്ടിമറി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി.
ചെറിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് തൃണമൂല്‍ വലിയ പാര്‍ട്ടി വിപുലീകരണ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ത്രിപുരയിലും ഗോവയിലും അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണ് നീക്കങ്ങള്‍. കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ്, രാഹുല്‍ ഗാന്ധിയുടെ മുന്‍ അടുപ്പക്കാരന്‍ അശോക് തന്‍വര്‍, ജെഡിയു രാജ്യസഭാ എംപി പവന്‍ വര്‍മ തുടങ്ങി നേതാക്കള്‍ കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഹരിയാനയിലും പഞ്ചാബിലും പാര്‍ട്ടിക്ക് അറിയപ്പെടുന്ന മുഖങ്ങളെ ലഭിച്ചു.