Sorry, you need to enable JavaScript to visit this website.

കണ്ണൂർ വി.സി പുനർനിയമനത്തിനെതിരെ  കെ.എസ്.യു നിയമ പോരാട്ടത്തിന് 

കണ്ണൂർ- കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. ഇദ്ദേഹത്തിന്റെ പുനർ നിയമനം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുക. കേരള ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വിസിക്ക് അതേ സർവകലാശാലയിൽ പുനർ നിയമനം നൽകുന്നത്.
1996 ലെ കണ്ണൂർ സർവകലാശാല ആക്ടിന് വിരുദ്ധമായാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനമെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കരുതെന്ന സർവകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം. ഔദ്യോഗിക രേഖകൾ പ്രകാരം 1960 ഡിസംബർ 19 ആണ് ഗോപിനാഥ് രവീന്ദ്രന്റെ ജനന തിയതി. പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ച് വിട്ട് ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കാനുള്ള നീക്കം നിയമപരമായി നിലനിൽക്കില്ലന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു പറയുന്നു.
സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് സർവകലാശാലയിൽ ചട്ട വിരുദ്ധമായി നിയമനം നൽകാനുള്ള നീക്കങ്ങൾ പല വട്ടം വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള തീരുമാനവും സിൻഡിക്കേറ്റിന്റെ പരിഗണനയിലാണ്. ഇതിനിടെ വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകാനുള്ള നീക്കം സംശയാസ്പദമാണന്നും കെ.എസ്.യു ആരോപിക്കുന്നു.
സർവകലാശാല ചരിത്രത്തിൽ ആദ്യമായാണ് വൈസ് ചാൻസ്‌ലർക്ക് രണ്ടു തവണ അവസരം നൽകുന്നത്. ഇത് ഗവർണറുടെ വിവേചനാ ധികാരമാണെങ്കിലും യു.ജി.സി ചട്ടം പൂർണമായും ലംഘിച്ചാണ് 61 കാരനായ ഗോപിനാഥിന് വീണ്ടും അവസരം നൽകിയത്. ഇതിനെതിരെ സർ വകലാശാല സംരക്ഷണ സമിതിയും കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. 2017 നവംബർ 24 നാണ് ജാമിഅ മില്ലിയ്യ: ഇസ്‌ലാമിക സർവകലാശാല ചരിത്ര വിഭാഗം അധ്യാപകനായ ഗോപിനാഥ് കണ്ണൂരിൽ എത്തുന്നത്. ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം പാർട്ടി തീരുമാനമാണ് നടപ്പാക്കുന്നതെന്ന ആരോപണം ശക്തമാണ്.
പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ മുൻ എം.പി കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം അന്തിമ ഘട്ടത്തിലാണ്. വി.സി കാലാവധി പൂർത്തിയാവുന്നതിന് മുമ്പു നിയമന ഉത്തരവിറക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, സാങ്കേതിക പ്രശ്‌നം കാരണം സാധിച്ചില്ല. പുതിയ വി.സി നിയമനം നീണ്ടു പോയാൽ മുൻ എം.പിയുടെ ഭാര്യയുടെ നിയമനം വൈകുമെന്ന ആശങ്കയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടാൻ കാരണമെന്നാണ് ആക്ഷേപം. മാത്രമല്ല, പുതിയ വി.സിയെ തെരഞ്ഞെടുക്കാൻ സർച്ച് കമ്മിറ്റിക്ക് നിർദേശം നൽകുന്ന വിജ്ഞാപനം നിലനിൽക്കെയാണ് വി.സിക്ക് പുനർ നിയമനം നൽകി ഉത്തരവിറക്കിയത്. സർച്ച് കമ്മിറ്റിയെ മാത്രമാണ് പിരിച്ചുവിട്ടത്. വിജ്ഞാപനം റദ്ദു ചെയ്തിരുന്നില്ല. ഇതും വരും നാളുകളിൽ പുതിയ നിയമ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. പുതിയ ഉത്തരവ് പ്രകാരം 2025 നവംബർ 22 വരെയാണ് കാലാവധി.

Latest News