Sorry, you need to enable JavaScript to visit this website.

ഭക്ഷണത്തിൽ വർഗീയ വിഷം കലർത്തുമ്പോൾ


ഹലാൽ ഭക്ഷണത്തിനെതിരെയുള്ള കുപ്രചാരണങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്ന് ബി.ജെ.പിയിലെ ചില നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടു പോലും പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി  സുരേന്ദ്രനും കൂട്ടരും അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്. സംഘപരിവാർ എങ്ങനെയൊക്കെ പത്തി വിടർത്തിയാടിയാലും വിഷം തീണ്ടുന്നതല്ല മലയാളികളുടെ മതേതരത്വ ബോധം. അതുകൊണ്ട് തന്നെ ഹലാൽ ഭക്ഷണ വിവാദവും ചവറ്റുകൊട്ടയിൽ തന്നെയാണ് എത്തിപ്പെടുക.


മതേതര കേരളത്തിൽ സംഘപരിവാറിന്റെ വർഗീയത വീണ്ടും ഫണം വിടർത്തി ആടുകയാണ്. മതത്തിന്റെ പേരിൽ മലയാളികളെ വേർതിരിക്കാനുള്ള ശ്രമങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജനങ്ങൾ കനത്ത തിരിച്ചടി നൽകിയിട്ടും വീണ്ടും വർഗീയ വിഷം ചുരത്തിക്കൊണ്ടേയിരിക്കുകയാണ്. 
ലൗ ജിഹാദിനും നാർകോട്ടിക് ജിഹാദിനും ശേഷം മുസ്‌ലിം വിരുദ്ധതയുടെ ഏറ്റവും പുതിയ ആയുധമായി മാറിയിരിക്കുകയാണ് ഹലാൽ ഭക്ഷണത്തിനെതിരെയുള്ള കുപ്രചാരണം. കഴിക്കുന്ന ഭക്ഷണത്തിൽ പോലും വർഗീയതയുടെ വിഷം പുരട്ടാൻ മാത്രം സംഘപരിവാറിന്റെ കാടത്തം അധഃപതിച്ചു കഴിഞ്ഞു.
വിദ്യാസമ്പന്നരെന്നും സാംസ്‌കാരിക സമ്പന്നരെന്നും മതേതരത്വത്തിന്റെ കാവലാളുകൾ എന്നും അഭിമാനിക്കുന്നവരാണ് മലയാളികൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേർതിരിക്കുന്നതും ഈ സവിശേഷതകളാണ്. വിവിധ മതങ്ങളിൽ പെട്ട ബഹുഭൂരിപക്ഷത്തിന്റെയും മതേതര നിലപാടുകളാണ് കേരളത്തെ ഐക്യത്തോടെ നിലനിർത്താൻ സഹായിക്കുന്നത്. 


ഇവിടെ വർഗീയതയുടെ വിഷ വിത്ത് മുളപ്പിക്കാനുള്ള  സംഘപരിവാറിന്റെ കാലങ്ങളായുള്ള ശ്രമങ്ങളെ ചെറുത്തു നിൽക്കാനുള്ള ശേഷി ആർജിച്ചെടുത്തത് വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകളിലൂടെയാണ്. 
വളരെ ആസൂത്രിതമായി സംഘപരിവാർ നേതൃത്വം ഹലാൽ ഭക്ഷണത്തിനെതിരെ കുപ്രചാരണം  ഉയർത്തിക്കൊണ്ടു വന്നതിന് പിന്നിൽ ഗൂഢമായ ചില ലക്ഷ്യങ്ങളുണ്ട്. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ ഈ വിവാദം കത്തിപ്പടർന്നാൽ ലൗ ജിഹാദിനും നാർകോട്ടിക് ജിഹാദിനും സാധിക്കാത്ത രീതിയിൽ കേരളീയ സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കാൻ കഴിയുമെന്നാണ് സംഘപരിവാർ പ്രതീക്ഷിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആർ.എസ്.എസ് നേതാക്കളുമെല്ലാം അതിനു വേണ്ടിയാണ് ഇപ്പോൾ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി കേരളത്തിൽ കോടികൾ ചെലവിട്ടിട്ടും കൈയിലുള്ള ഏക സീറ്റും നഷ്ടപ്പെട്ടതിന്റെയും വോട്ട് ബാങ്കിൽ കാര്യമായ ചോർച്ചയുണ്ടായതിന്റെയും ക്ഷീണം മറച്ചുപിടിക്കേണ്ടതും തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനും സി.കെ.ജാനുവും നടത്തിയ പണമിടപാട് സംബന്ധിച്ച അഴിമതിയിൽ നിന്ന് സുരേന്ദ്രന്റെ മുഖം രക്ഷിക്കേണ്ടതും ബി.ജെ.പിയുടെ ആവശ്യമാണ്. അതിന് വേണ്ടി കൂടിയാണ് ഇപ്പോൾ ഹലാൽ ഭക്ഷണ വിവാദം ഉയർത്തിക്കൊണ്ടു വന്നത്. 


നല്ലതും രുചികരവുമായ ഭക്ഷണം കഴിക്കുകയെന്നത് മലയാളികളുടെ ഒരു ശീലവും വികാരവുമാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും കേരളത്തിലെ ഭക്ഷണത്തിലെ വൈവിധ്യം ആസ്വദിക്കുന്നുണ്ട്. ആതിഥ്യ മര്യാദയുടെയും രുചികരമായ ഭക്ഷണത്തിന്റെയും കാര്യത്തിൽ അന്യനാടുകളിലും അവിടുത്തെ ജനങ്ങൾക്കിടയിലും വലിയ സൽപേരാണ് കേരളത്തിനുള്ളത്. ഭക്ഷണ വൈവിധ്യം ആസ്വദിക്കാനായി മാത്രം വിദേശത്ത് നിന്നടക്കം സഞ്ചാരികൾ ഇവിടെയെത്തിക്കൊണ്ടിരിക്കുന്നുണ്ട്.  കിട്ടുന്ന വരുമാനത്തിൽ ഭൂരിഭാഗവും ഭക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നവരാണ് മലയാളികൾ. അതിന് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ല. മലയാളികളുടെ മനസ്സിലൂടെ കുത്തിക്കയറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട വർഗീയത ആമാശയത്തിലൂടെ ഉള്ളിലെത്തിക്കാനാണ് ഇപ്പോൾ സംഘപരിവാറിന്റെ ശ്രമം.
ആസൂത്രിതവും കുൽസിതവുമായാണ് ഹലാൽ ഭക്ഷണ വിവാദം ഉയർത്തിക്കൊണ്ടു വന്നത്. വിശ്വാസികളായ ഹിന്ദുക്കളുടെ വികാരമായ ശബരിമലയെയാണ് ആദ്യ ഹലാൽ വിവാദത്തിന് വേണ്ടി ഉപയോഗപ്പെടുത്തിയത്. അതിലൂടെ വലിയ തോതിൽ വർഗീയ വികാരം ആളിക്കത്തിക്കാമെന്ന് സംഘപരിവാർ നേതൃത്വം കണക്കുകൂട്ടി.


ശബരിമലയിലെ അരവണ, അപ്പം പ്രസാദങ്ങൾ നിർമിക്കുന്നതിന് കരാർ കൊടുത്തത് മുസ്‌ലിംകൾക്കാണെന്നും അതിനുപയോഗിക്കുന്ന ശർക്കരയിൽ ഹലാൽ ശർക്കര എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും  സംഘപരിവാർ പ്രചരിപ്പിച്ചു. സാധാരണ ഗതിയിൽ ഇത് ഹിന്ദുമത വിശ്വാസികൾക്കിടയിൽ വലിയ വികാരം ഉയർത്തി വിടേണ്ടതാണ്. എന്നാൽ അരവണയും അപ്പവും തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നിർമിക്കുന്നതെന്ന് കാണിച്ച് അതിനുള്ള തെളിവുകൾ ബോർഡ് നിരത്തിയതോടെ സംഘപരിവാറിന്റെ ആദ്യത്തെ പ്രചാരണം പൊളിഞ്ഞു.
ഉത്തരേന്ത്യയിലെ ഒരു ഉന്നത സംഘപരിപാർ നേതാവിനാണ്  ദേവസ്വം ബോർഡിന് ശർക്കര നൽകാനുള്ള കരാർ നൽകിയതെന്നും അറബ് നാടുകളിലേക്ക് കയറ്റിയയക്കുന്ന എക്‌സ്‌പോർട്ട് ക്വാളിറ്റി ശർക്കരയായതുകൊണ്ടാണ് ഹലാൽ എന്ന് എഴുതിയെന്നും തെളിഞ്ഞതോടെ രണ്ടാമത്തെ പ്രചാരണവും പൊളിഞ്ഞു. സ്വയം കുഴിച്ച കുഴിയിൽ സംഘപരിവാർ നേതൃത്വം മൂക്കും കുത്തി വീഴുകയാണുണ്ടായത്.
അതിനു ശേഷമാണ് മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിലേക്ക് ഹലാൽ ഭക്ഷണത്തിനെതിരെ പ്രചാരണം ആരംഭിച്ചത്.  ഉണ്ടാക്കിയ ഭക്ഷണത്തിൽ തുപ്പിയ ശേഷമാണ് അത് ഹലാൽ ഭക്ഷണം എന്ന പേരിൽ വിതരണം ചെയ്യുന്നതെന്ന ഏറ്റവും മ്ലേഛമായ നുണയുമായാണ് കെ.സുരേന്ദ്രൻ രംഗത്തെത്തിയത്. സംഘപരിവാർ ശക്തികൾ ഒന്നാകെ ഇത് ഏറ്റുപിടിച്ചു.


നല്ല ഭക്ഷണം കഴിക്കുകയെന്നതും മറ്റുള്ളവർക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകുകയെന്നതും മലയാളികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മനസ്സിലൂടെ കടത്തി വിടാൻ ശ്രമിച്ചിട്ടും ഫലം കാണാത്ത വർഗീയ വിഷം ആമാശയത്തിലൂടെ കടത്തി വിടുമ്പോൾ അതിന് വീര്യമേറുമെന്ന് സംഘപരിവാർ കണക്കുകൂട്ടി. അതിനനുസരിച്ചുള്ള തിരക്കഥകളാണ് പിന്നീട് മെനഞ്ഞെടുത്തത്. ഹലാൽ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്തവരാണ് ഹലാൽ ഭക്ഷണത്തിനെതിരെ ഉറഞ്ഞു തുള്ളിയത്.
മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള ഹോട്ടലുകളുടെ ലിസ്റ്റ് തയാറാക്കി ഇവിടങ്ങളിൽ നിന്ന് ഹിന്ദുക്കൾ ഭക്ഷണം കഴിക്കരുതെന്ന് സോഷ്യൽ മീഡിയകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള ഹോട്ടലുകളിൽ ജോലിയെടുക്കുന്നവരിൽ നല്ലൊരു വിഭാഗവും ഹിന്ദുമതത്തിൽ ഉൾപ്പെടെ മറ്റു മതങ്ങളിൽ പെട്ടവരാണെന്നും  അവരുടെ അന്നം കൂടിയാണ് ഈ കുപ്രചാരണങ്ങളിലൂടെ നഷ്ടപ്പെടുന്നതെന്ന ബോധ്യം പോലും വാർഗീയ ഭ്രാന്തൻമാർക്ക് ഇല്ലാതെ പോയി.


വർഗീയ വിഷം ചീറ്റുന്നതോടൊപ്പം മറ്റൊരു രഹസ്യ അജണ്ടയും ഇതിന് പിന്നിലുണ്ട്. കേരളത്തിലെ ഹോട്ടൽ ഉടമകളിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ മുസ്‌ലിം മതവിഭാഗങ്ങളിൽ പെട്ടവരാണ് ഏറ്റവും കൂടുതലുള്ളത്. കോവിഡ് കാലത്ത് പോലും തകരാതെ പിടിച്ചു നിന്നത് ഹോട്ടൽ വ്യവസായം മാത്രമാണ്. കേരളത്തിൽ ഭക്ഷണത്തിന്റെ പേരിൽ വർഗീയമായി വലിയ ചേരിതിരിവുണ്ടാക്കുന്നതിനൊപ്പം തന്നെ മുസ് ലിംകളെ സാമ്പത്തികമായി തകർക്കുകയെന്ന ലക്ഷ്യവും ഈ പ്രചാരണത്തിന് പിന്നിലുണ്ട്. 


ഹലാൽ ഭക്ഷണത്തിനെതിരെയുള്ള കുപ്രചാരണങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്ന് ബി.ജെ.പിയിലെ ചില നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടു പോലും പാർട്ടിയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനായി  സുരേന്ദ്രനും കൂട്ടരും അടിസ്ഥാന രഹിതമായ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടേയിരിക്കുകയാണ്.
ക്രിസ്ത്യൻ സമുദായത്തിലേക്കടക്കം വലിയ തോതിൽ ഭക്ഷണത്തിലൂടെ വർഗീയത  എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് വേണ്ടി തെരഞ്ഞെടുപ്പിൽ ജനം ചവറ്റുകൊട്ടയിലെറിഞ്ഞ  പി.സി.ജോർജിനെപ്പോലുള്ള സംഘപരിവാറിന്റെ മാനസ പുത്രൻമാരെ ഉപയോഗിക്കുകയും ചെയ്യുന്നു.
സംഘപരിവാർ എങ്ങനെയൊക്കെ പത്തി വിടർത്തിയാടിയാലും വിഷം തീണ്ടുന്നതല്ല മലയാളികളുടെ മതേതരത്വ ബോധം. അതുകൊണ്ട് തന്നെ ഹലാൽ ഭക്ഷണ വിവാദവും ചവറ്റുകൊട്ടയിൽ തന്നെയാണ് എത്തിപ്പെടുക.

Latest News