മുംബൈ- മഹാരാഷ്ട്രയിലെ മാലേഗാവില്‍ 2008ലുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയായ ബിജെപി എംപി പ്രഗ്യാ ഠാക്കൂര്‍ ഒടുവില്‍ കോടതിയില്‍ നേരിട്ട് ഹാജരായി. നേരത്തെ നിരവധി തവണ കോടതിയില്‍ നേരിട്ടെത്തുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറിയ പ്രഗ്യ ബുധനാഴ്ച മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതി മുമ്പാകെ ഹാജരായി. അല്‍പ്പ സമയം മാത്രമെ അവര്‍ കോടതിയില്‍ നിന്നുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് വരികയാണെന്നും കോകിലാബെന്‍ ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടതുണ്ടെന്നും പ്രഗ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ച ശേഷം അവര്‍ പുറത്തിറങ്ങുകയും ചെയ്തു. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ച പ്രഗ്യയുടെ ആരോഗ്യ സ്ഥിതി കോടതി അന്വേഷിച്ചു. എത്രകാലം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുമെന്നും പ്രഗ്യ കോടതിയില്‍ പറഞ്ഞു. ആവശ്യം വരുമ്പോഴെല്ലാം കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വാദിച്ച് 2017ലാണ് പ്രഗ്യയ്ക്ക് കോടതിയില്‍ നിന്ന് ജാമ്യം വാങ്ങിയത്. ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയെ മറനീക്കി പുറത്തുകൊണ്ടുവന്ന ഭീകരാക്രമണങ്ങളിലൊന്നായ മാലേഗാവ് സ്‌ഫോടനക്കേസില്‍ ഒമ്പതു വര്‍ഷം ജയിലിലായിരുന്നു പ്രഗ്യ. പിന്നീട് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് പലതവണ ഒഴിഞ്ഞു മാറി. ആരോഗ്യ കാരണങ്ങളാല്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവ് നല്‍കണമെന്ന് ജനുവരിയില്‍ അവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജയില്‍ മോചിതയായ പ്രഗ്യയെ ബിജെപി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭോപാലില്‍ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിനെ തോല്‍പ്പിച്ചാണ് പ്രഗ്യ ലോക്‌സഭയിലെത്തിയത്.
ഇതിനിടെ പരസ്യമായി ബാസ്‌ക്കറ്റ്‌ബോള്‍ കളിച്ചും കബഡി കളിച്ചും വിവാഹ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്തും പല വിഡിയോകളും പുറത്തു വന്നതോടെ പ്രഗ്യയുടെ ആരോഗ്യ സ്ഥിതി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പലപ്പോഴും വീല്‍ചെയറില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രഗ്യ ഒരു വനിതാ സംഘത്തോടൊപ്പം കബഡി കളിക്കുന്ന വിഡിയോ പുറത്തു വന്നതോടെ ഇവര്‍ക്ക് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ മാത്രം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും വാദമുയര്‍ന്നിരുന്നു. എന്‍ഐഎ കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ എന്നാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി വി ശ്രീനിവാസ് ഇവരുടെ വിഡിയോ സഹിതം ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.