വാഷിങ്ടന്‍- വിവാദ ഇസ്രാഈല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗസസ് നിര്‍മിച്ച കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ യുഎസ് ടെക്ക് ഭീമന്‍ ആപ്പിള്‍ കേസ് ഫയല്‍ ചെയ്തു. ലോകത്തൊട്ടാകെ ഉപയോഗത്തിലുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ വിവരം ഈ സ്‌പൈ വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കേസ്. ലോകത്തൊട്ടാകെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും പൗരാവകാശ പ്രവര്‍ത്തകരുടേയും രഹസ്യം ചോര്‍ത്തി വിവാദത്തിലായ എന്‍എസ്ഓ ഗ്രൂപ്പിന് ആപ്പിളിന്റെ കേസും തിരിച്ചടിയായിരിക്കുകയാണ്.
വിദേശ സര്‍ക്കാരുകള്‍ക്ക് ചാരപ്പണിക്ക് സൗകര്യമൊരുക്കു കൊടുത്തതിന്റെ പേരില്‍ യുഎസ് അധികൃതര്‍ എന്‍എസ്ഒ ഗ്രൂപ്പിനെ ആഴ്ചകള്‍ക്ക് മുമ്പ് കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരെ അപകടപ്പെടുത്തുന്നതും അവരുടെ രഹസ്യം ചോര്‍ത്തുന്നതും തടയാനാണിപ്പോള്‍ കേസുമായി ആപ്പിള്‍ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ കോടതി കയറിയിരിക്കുന്നത്. ആപ്പിള്‍ സോഫ്റ്റ് വെയറുകളും ഡിവൈസുകളും സേവനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്ന് എന്‍എസ്ഒ ഗ്രൂപ്പിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തണമെന്നാണ് ആപ്പിളിന്റെ ആവശ്യം. കുപ്രസിദ്ധ ഹാക്കര്‍മാരും 21ാം നൂറ്റാണ്ടിലെ കൂലിപ്പടയാളികളാണെന്നുമാണാണ് എന്‍എസ്ഒ ഗ്രൂപ്പിനെ ആപ്പിള്‍ ഹര്‍ജിയില്‍ വിശേഷിപ്പിച്ചത്.