ന്യൂദല്‍ഹി- കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാല്‍ കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുമെന്ന് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ മരിച്ച 700 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയ സാഹചര്യത്തില്‍ അവര്‍ക്ക് അതിനായി നിയമം കൊണ്ടുവരാം. എന്നാല്‍ താങ്ങുവിലയും 700ലധികം കര്‍ഷകരുടെ മരണവും ഞങ്ങളുടെ വിഷയമാണ്. സര്‍ക്കാര്‍ ഇത് ചര്‍ച്ച ചെയ്‌തേ തീരൂ. അടുത്ത വര്‍ഷം ജനുവരി 26നകം കേന്ദ്രം ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങും. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായതിനുശേഷം തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യുമെന്നും ബി.കെ.യു നേതാവ് പറഞ്ഞു.
ബി.കെ.യുവിനോടൊപ്പം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച ആറ് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പിന് പുറമെ ലഖിംപൂര്‍ ഖേരി അക്രമത്തില്‍ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, സമരക്കാര്‍ക്ക് സ്മാരകം പണിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം തുടരുന്നത്.