നൈനിറ്റാൾ- ആൺവേഷം കെട്ടി രണ്ടു യുവതികളെ വിവാഹം ചെയ്ത ശേഷം സത്രീധനം തട്ടുകയും പീഡിപ്പിക്കുകയും ചെയ്ത തട്ടിപ്പുകാരിയെ ഉത്തരാഖണ്ഡിൽ പോലീസ് അറസ്റ്റ് ചെയ്തു. കൃഷണ സെൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉത്തർ പ്രദേശിലെ ബിജ്‌നോർ സ്വദേശി സ്വീറ്റി സെന്നിനെയാണ് പിടികൂടിയതെന്ന് നൈനിറ്റാൾ ജില്ലാ പോലീസ് മേധാവി ജന്മെജെ ഖണ്ഡൂരി പറഞ്ഞു. നൈനിറ്റാളിലെ ഹൽദവാനിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആൺവേഷം കെട്ടുകയും ഫേസ്ബുക്കിലൂടെ സ്ത്രീകളെ വളയ്ക്കുകയുമാണ് കൃഷണ സന്നിന്റെ തട്ടിപ്പു രീതി. സൗഹൃദം നടിച്ചാണ് രണ്ടു യുവതികളേയും വിവാഹം ചെയ്തത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഏറെ അടുപ്പത്തിലായ ഹൽദവാനിയിലെ യുവതിയെ പ്രതി 'വിവാഹം' ചെയ്തിരുന്നു. അലിഗഡിലെ ഒരു സിഎഫ്എൽ ബൾബ് വ്യവസായിയുടെ മകനാണ് താനെന്നായിരുന്നു കൃഷ്ണ സെൻ പെൺവീട്ടുകാരോട് പറഞ്ഞിരുന്നത്. ഇരട്ട മാസ്റ്റർ ബിരുദമുള്ള ഭാര്യയെ പ്രതി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. ഇതിനിടെ ഫാക്ടറി നിർമ്മിക്കാനെന്നു പറഞ്ഞ് 8.5 ലക്ഷം രൂപയും ഭാര്യവീട്ടുകാരിൽ നിന്ന് പ്രതി തട്ടിയിരുന്നു.
2016ൽ സമീപ പ്രദേശത്തു നിന്ന് മറ്റൊരു യുവതിയേയും ഈ തട്ടിപ്പുകാരി വിവാഹം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ആദ്യ വിവാഹ ചടങ്ങളിൽ അതിഥിയായി പങ്കെടുത്തയാളായിരുന്നു രണ്ടാം ഭാര്യ. ശേഷം ഹൽദവാനിയിലെ ഒരു വാടക വീട്ടിലായിരുന്നു രണ്ടു ഭാര്യമാരൊടൊത്ത് പ്രതി കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് രണ്ടാം ഭാര്യ തന്റെ ഭർത്താവ് പുരുഷനല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സംഭവം പുറത്ത് പറയരുതെന്നും പണം നൽകാമെന്നും ഈ തട്ടിപ്പുകാരി വാഗ്ദാനം നൽകി സംഭവം രഹസ്യമാക്കിവയ്ക്കാൻ ശ്രമിച്ചു. ഇതിനു വഴങ്ങാതെ രണ്ടാം ഭാര്യ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തായത്.
ചെറുപ്പം തൊട്ടെ ആൺകുട്ടികളെ പോലെ വളർന്നതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പുരുഷനെന്ന് തോന്നിപ്പിക്കാൻ ബൈക്കിലായിരുന്നു യാത്രകൾ. പുകവലി ശീലവും ഉണ്ടായിരുന്നു. താൻ സ്ത്രീയാണെന്ന കാര്യം ഭാര്യമാർ അറിയാതിരിക്കാൻ അവരെ തന്റെ ശരീരത്തിൽ സ്പർശിക്കാൻ അനുവദിച്ചിരുന്നില്ല. സെക്‌സ് ടോയ്‌സ് ഉപയോഗിച്ചായിരുന്നു ലൈംഗിക ബന്ധം പുലർത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ പ്രതി സ്ത്രീയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹ സമയത്ത് പെൺവീട്ടിലെത്തിയ കൃഷണ സെന്നിന്റെ ബന്ധുക്കൾക്കായുള്ള തിരച്ചിലിലാണ് പോലീസ്.