കോട്ടയം - റിസർവ് ബാങ്ക് സഹകരണ മേഖലയിൽ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങളിൽ ആശങ്കയോടെ കേരളത്തിലെ സഹകരണ മേഖല. സഹകരണ സൊസൈറ്റികൾക്കു ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നുളള റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. അംഗങ്ങൾ അല്ലാത്തവരിൽ നിന്നു നിക്ഷേപം സ്വീകരിക്കാനും കഴിയില്ലെന്ന് റിസർവ് ബാങ്ക് പറയുന്നു. ഇത്തരം ബാങ്ക് നിക്ഷേപങ്ങൾക്ക് ആർബിഐ സുരക്ഷ ലഭ്യമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ ദക്ഷിണേന്ത്യയിലെ ഇതര മന്ത്രിമാരുമായി ആലോചിച്ചു നീങ്ങുമെന്ന് മന്ത്രി വി.എൻ വാസവൻ കോട്ടയത്തു പ്രതികരിച്ചു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശമാണിതെന്നാണ് വിലയിരുത്തൽ. 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.വിഷയത്തിൽ ദക്ഷിണേന്ത്യയിലെ മറ്റ് സഹകരണ വകുപ്പ് മന്ത്രിമാരുമായി കാര്യങ്ങൾ ആലോചിച്ചു മുന്നോട്ടു നീങ്ങുമെന്നും മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു.
സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000 ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐ ഇടപെടൽ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ ഉത്തരവ്. കേരളത്തിൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ് പ്രവർത്തനം മാത്രമല്ല നടത്തുന്നതെന്നും സഹകരണ ബാങ്കുകൾ കേരളത്തിലെ ജനങ്ങളുടെ അത്താണിയാണെന്നും വിഷയത്തിൽ ആലോചിച്ചു മുന്നോട്ട് നീങ്ങുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ, ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരേ സർക്കാർ നിയമനടപടി സ്വീകരിക്കാനാണ് സാധ്യത. നിയമ നടപടിയിലേക്കു നീങ്ങുന്ന കാര്യം സർക്കാർ ആലോചിക്കുകയാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം തീരുമാനിക്കും. സഹകരണ മേഖലയിൽ ആർബിഐ നേരത്തെ തന്നെ പിടിമുറുക്കിയിരുന്നതാണ്. കേരളത്തിൽ അടുത്തകാലത്ത് ഉയർന്ന ക്രമക്കേട് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ബാങ്ക് പോകുന്നതെന്നാണ് അറിയുന്നത്. സിപിഎം നിയന്ത്രണത്തിലാണ് കേരളത്തിലെ സഹകരണ മേഖലയിൽ അധിക ബാങ്കുകളും. ക്രമക്കേടുകൾ പുറത്തുവന്നതിനെ തുടർന്ന് സഹകരണ മേഖലയിലുളള ബാങ്കുകളുടെ പ്രവർത്തനത്തെക്കുറിച്ചും നിക്ഷേപ സുരക്ഷിതത്വത്തെക്കുറിച്ചും കടുത്ത ആശങ്ക ഉയർന്നിരുന്നു. കോട്ടയം ജില്ലയിലെ നിരവധി ബാങ്കുകളെക്കുറിച്ചും ആരോപണം ഉയർന്നിരുന്നു. പല ബാങ്കുകൾക്കുമെതിരെ സഹകരണ വകുപ്പ് അന്വേഷണം നടക്കുകയുമാണ്.