ഇന്ത്യ- ന്യൂസിലന്‍റ് ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഭക്ഷണ മെനു പുറത്ത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറ്റ് പ്ലാനിൽ 'ഹലാൽ മാംസം' ബി.സി.സി.ഐ നിർബന്ധമാക്കി. താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഡയറ്റ് പ്ലാനിലാണ് ഹലാൽ മാംസം നിർബന്ധമാക്കിയിരിക്കുന്നത്. പന്നി മാംസം കഴിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുമുണ്ട്.
ഇന്ത്യയുടെ വരാൻ പോകുന്ന വിദേശ പര്യടനത്തിനും ഐ.സി.സി ടൂർണമെന്റുകൾക്കും മുന്നോടിയായാണ് ഡയറ്റ് പ്ലാൻ പ്രഖ്യാപിച്ചത്. പരമാവധി ഡയറ്റിൽ മാംസം ഒഴിവാക്കാനും മാംസം നിർബന്ധമായി വേണ്ടവർ ഹലാൽ മാംസം മാത്രമേ ഉപയോഗിക്കാവൂയെന്നുമാണ് നിർദേശം.
യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബി.സി.സി.ഐ താരങ്ങളുടെ ഡയറ്റ് പ്ലാനിൽ മാറ്റം വരുത്താൻ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം, ബി.സി.സി.ഐ അധികൃതർ ഇത് സംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല.