മുംബൈ- പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോഡി രാജ്യം വിട്ടതായി സൂചന. നീരവ് മോഡിയുടെ മുംബൈ, സൂററ്റ്, ദൽഹി എന്നിവടങ്ങളിലെ പതിമൂന്നിലേറെ സ്ഥലങ്ങളിൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനിയില്ല. പി.എൻ.ബിയുടെ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഇയാൾ രാജ്യം വിട്ടതായാണ് അനുമാനം. ഇന്ത്യൻ പാസ്‌പോർട്ടിന് പുറമെ, ബെൽജിയം പാസ്‌പോർട്ടും ഇയാൾക്കുണ്ട്. ഇത് ഉപയോഗിച്ചാണ് രാജ്യം വിട്ടതെന്നാണ് കരുതുന്നത്. അതേസമയം, ദാവോസിൽ ഈയിടെ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം നീരവ് നിൽക്കുന്ന ചിത്രം പുറത്തുവന്നു.
വൻകിട ബിസിനസുകാർക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴസ് ക്രഡിറ്റ് രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. പി.എൻ.ബിയുടെ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു രീതി. പണം തിരിച്ചടക്കാത്തതിനാൽ ജാമ്യം നിന്ന പി.എൻ.ബിക്കായി ബാധ്യത.
നേരത്തെ, നീരവ് മോഡി, ഭാര്യ ആമി, സഹോദരൻ നിഷാൽ, അമ്മാവൻ മെഹുൽ ചിന്നുഭായ് ചോക്‌സി എന്നിവർ പി.എൻ.ബിയെ വഞ്ചിച്ച് 280 കോടി രൂപ തട്ടിയ കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് 11,346 കോടിയുടെ തട്ടിപ്പ് പുറത്തുവന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സുഹൃത്താണ് നീരവ് മോഡിയെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ കൊള്ളയടിക്കാൻ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്താൽ മാത്രം മതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി മോഡിയും നീരവ് മോഡിയും ഒന്നിച്ചുനിൽക്കുന്ന ചിത്രം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പുറത്തുവിട്ടു. തട്ടിപ്പ് പുറത്തറിഞ്ഞ ശേഷമാണ് മോഡിയുടെ കൂടിക്കാഴ്ച്ചയെന്നും യെച്ചൂരി ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ മറുപടി നൽകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിസന്ധി മറികടക്കാനുള്ള ശേഷി ബാങ്കിനുണ്ടെന്ന് പി.എൻ.ബി അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കാളികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ബാങ്ക് വ്യക്തമാക്കി. തുക മുഴുവൻ ബാങ്ക് അടക്കണമെന്ന നിലപാടാണ് റിസർവ് ബാങ്ക്് സ്വീകരിച്ചത്.