ചണ്ഡീഗഢ്- പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരത്തിലെത്തിയാല്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ വീതം ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുമെന്ന് പ്രഖ്യാപനം. ലോകത്തെ ഏറ്റവും വലിയ വനിതാ അലവന്‍സ് എന്നു വിശേഷിപ്പിച്ച് എഎപി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് ഇതു പ്രഖ്യാപിച്ചത്. ലോകത്ത് ഒരു സര്‍ക്കാരും ഇതു നടപ്പാക്കിയിട്ടില്ല. ഓരോ വീട്ടിലേയും 18നു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും ഈ തുക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് പെന്‍ഷനു പുറമെ ഈ അലവന്‍സും നല്‍കുമെന്നും എഎപിയുടെ മിഷന്‍ പഞ്ചാബ് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ദ്വിദിന പര്യടനത്തിനെത്തിയ കെജ്‌രിവാള്‍ പ്രഖ്യാപിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ കെജ്രിവാള്‍ പരിഹസിച്ചു. ഈയിടെയായി ഒരു വ്യാജ കെജ്‌രിവാള്‍ പഞ്ചാബില്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം തൊട്ടടുത്ത ദിവസം അദ്ദേഹം പ്രഖ്യാപിക്കും. എന്നാല്‍ നടപ്പിലാക്കില്ല. അദ്ദേഹത്തെ സൂക്ഷിക്കണം. യഥാര്‍ത്ഥ കെജ്‌രിവാളിനു മാത്രമെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയൂ- കെജ്‌രിവാള്‍ പറഞ്ഞു.