Sorry, you need to enable JavaScript to visit this website.

പ്രവാസി നല്‍കേണ്ടത് 2490 രൂപ; റാപിഡ് നിരക്ക് നിശ്ചയിച്ചത് എയര്‍പോര്‍ട്ട് അതോറിറ്റി

കൊണ്ടോട്ടി- വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നവര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ റാപിഡ് പി.സി.ആര്‍ പരിശോധന നിരക്ക് നിശ്ചയിച്ചത് എയര്‍പോര്‍ട്ട് അതോറിറ്റിയാണെന്ന് വിശദീകരണം.

ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് 500 രൂപമാത്രമിരിക്കെ വിമാനത്താവളങ്ങളിലെ പരിശോധനക്ക് 2490 രൂപ ഈടാക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി സംസ്ഥാന ആരോഗ്യ വകുപ്പും,പ്രവാസി കാര്യവകുപ്പും രംഗത്തെത്തിയത്.

  എയര്‍പോര്‍ട്ട് അതോറിറ്റി നിശ്ചയിച്ച പ്രകാരമാണ് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് 2490 രൂപ ഈടാക്കുന്നത്. അബോട്ട് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്,തെര്‍മോ ഫിഷര്‍ സയിന്റിഫിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്. 2490 രൂപയാണ് ഓരോ പ്രവാസിയും നല്‍കേണ്ടത്.
 വിദേശ രാജ്യങ്ങള്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാര്‍ക്ക് യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണ്.ഇതിന് പുറമെ പുറപ്പെടുന്നതിന് മുമ്പുള്ള നാലു മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന റാപിഡ് പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം. ചില രാജ്യങ്ങള്‍ നാലുമണിക്കൂറെന്നുള്ളത് ആറ്മണിക്കൂറായും പരിഷ്‌കരിച്ചിട്ടുണ്ട്.
വിമാനത്താവളില്‍ നിന്ന് പുറപ്പെടുന്നതിന് നാലുമുതല്‍ ആറ് മണിക്കൂര്‍ മുമ്പ് വരെ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതിനാല്‍ പരിശോധന ഫലം ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതോടെ സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധന വിമാനത്താവളങ്ങളില്‍ സാധ്യമല്ല. ഇതിനാലാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം നല്‍കാന്‍ റാപിഡ് പി.സി.ആര്‍ പരിശോധന നടത്തുന്നത്.

റാപിഡ് പി.സി.ആര്‍ പരിശോധനക്ക് കിറ്റുകളുടെ വില സാധാരണ ആര്‍.ടി.പി.സി.ആറിനേക്കാള്‍ കൂടുതലാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് റാപിഡ് പി.സി.ആര്‍ പരിശോധന നിരക്ക് സംബന്ധിച്ച തീരുമാനമെടുത്തത്. കരിപ്പൂര്‍ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങളില്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

 

Latest News