Sorry, you need to enable JavaScript to visit this website.

മുങ്ങിയിട്ടില്ല, ഇന്ത്യയില്‍ തന്നെയുണ്ടെന്ന് പരം ബീര്‍ സിങ്; അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- കുറ്റപ്പിരിവ് കേസില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങവെ മുങ്ങിയ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങിന് സുപ്രീം കോടതി സംരക്ഷണം. സംരക്ഷണം തേടിയുള്ള ഹര്‍ജി പരിഗണിക്കണമെങ്കില്‍ ആദ്യം എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് പരം ബീറിനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് താന്‍ ഇന്ത്യയില്‍ തന്നെ ഉണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചിരിക്കുകയാണെന്നും അഭിഭാഷകന്‍ മുഖേന പരം ബീര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അറസ്റ്റ് ഭയന്ന് പരം ബീര്‍ ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നതായും റഷ്യയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ പോലീസ് കമ്മീഷണറും തമ്മിലുള്ള പോര് കൂടുതല്‍ ഉദ്വേഗജനകമായിരിക്കുകയാണെന്നും വളരെ അലോസരപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ഡിസംബര്‍ ആറ് വരെ സമയം അനുവദിച്ച് കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഇതിനിടയില്‍ ഹര്‍ജിക്കാരന്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരം ബീര്‍ സിങിനെതിരെ മുംബൈ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പുനീത് ബാലി കോടതിയില്‍ ആവശ്യപ്പെട്ടു. പരം ബീര്‍ സിങ് ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഎ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന ദേശ്മുഖിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സിബിഐ ആണ് എല്ലാ കുറ്റങ്ങളും അന്വേഷിക്കേണ്ടത്. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലെന്നും പരം ബീറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
 

Latest News