മുംബൈ- നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരായ വിവരങ്ങള്‍ പരസ്യമായി പുറത്തു വിടുന്നതില്‍ നിന്ന് മന്ത്രി നവാബ് മാലിക്കിലെ തടയില്ലെന്ന് ബോംബെ ഹൈക്കോടതി. അതേസമയം പുറത്തു വിടുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്ന വിവരങ്ങള്‍ മന്ത്രി മാലിക് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും കോടതി വ്യക്തമാക്കി. സമീര്‍ വാങ്കഡെയുടെ പിതാവ് ധ്യാന്‍ദേവ് കച്‌റുജി വാങ്കഡെ മന്ത്രി മാലിക്കിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സമീറിന്റെ അച്ഛന്‍ ദാവൂദ് വാങ്കഡെ ആണെന്ന് കാണിച്ച് സമീര്‍ വാങ്കഡെയുടെ ജനന സര്‍ട്ടിഫിക്കറ്റ് പുറത്തു വിട്ടതിനെതിരെയാണ് ധ്യാന്‍ദേവ് അപകീര്‍ത്തി കേസ് നല്‍കിയത്.
ലഹരി വ്യാപാരം നടത്തിയെന്ന കേസില്‍ മരുമകന്‍ സമീര്‍ ഖാനെ എന്‍സിബി ജനുവരിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രി നവാബ് മാലിക് സമീര്‍ വാങ്കഡെക്കെതിരെ അധിക്ഷേപം തുടങ്ങിയതെന്നും പരാതിയില്‍ ധ്യാന്‍ദേവ് ചൂണ്ടിക്കാട്ടി.
നവാബ് മാലികിന്റെ ട്വീറ്റുകള്‍ സമീര്‍ വാങ്കഡെയുടെ ഔദ്യോഗിക ചുമതലകളെ സംബന്ധിച്ച് പ്രസക്തമാണെന്നും പൊതു അറിവിലേക്കുള്ളവ ആയിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ ഈ ട്വീറ്റിലെ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് പറയാനാവില്ല. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ ആവില്ല. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച ശേഷം മാത്രമെ ഇവ മാലിക് പരസ്യപ്പെടുത്താവൂ എന്നും കോടതി വ്യക്തമാക്കി.