Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിൽ ആരോഗ്യ മന്ത്രി റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ചു വെട്ടിലായി

ജയ്പൂർ- ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ ആരോഗ്യ വകുപ്പ് മന്ത്രി കാലിചരൺ സറഫ് ജയ്പൂരിലെ റോഡരികിൽ പരസ്യമായി മതിലിലേക്ക് മൂത്രമൊഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ബിജെപി സർക്കാരിന്റെ സ്വച്ഛ ഭാരത് ശുചീകരണ പദ്ധതി പ്രകാരം നഗരം വൃത്തിയാക്കാൻ ജയ്പൂർ നഗരസഭ കഠിന പ്രയത്‌നം നടത്തുന്നതിനിടെയാണ് തെരുവ് പരസ്യമായി വൃത്തികേടാക്കുന്ന മന്ത്രിയുടെ ചിത്രം പ്രചരിച്ചത്. നിയമ പ്രകാരം തെരുവിൽ മൂത്രമൊഴിച്ചാൽ 200 രൂപ പിഴയൊടുക്കണം. ഇതൊരു വലിയ ഇഷ്യൂ അല്ലെന്ന് പറഞ്ഞു കൈയൊഴിഞ്ഞ മന്ത്രിയുടെ മോശം പെരുമാറ്റം സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. മന്ത്രി മൂത്രമൊഴിക്കുന്ന ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ബിജെപി സർക്കാർ പ്രതിരോധത്തിലുമായി.

സംഭവത്തെ തുടർന്ന് മാധ്യമങ്ങൾ മന്ത്രിയുടെ പ്രതികരണം തേടി ഓഫീസിലെത്തിയെങ്കിലും ഇതൊരു വലിയ പ്രശ്‌നമൊന്നുമല്ലെന്നും ഇതു സംബന്ധിച്ച് ഒന്നും പറയാനില്ലെന്നു പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി.

പ്രതിപക്ഷമായ കോൺഗ്രസും മന്ത്രിയുടെ മോശം പെരുമാറ്റത്തിൽ വിമർശനവുമായി രംഗത്തെത്തി. ഇത്തരം നേതാക്കൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സ്വച്ഛഭാരത് ശുചീകരണ പദ്ധതിക്ക് കോടികൾ ചെലവിടുമ്പോഴാണിതെന്നും കോൺഗ്രസ് ഉപാധ്യക്ഷ അർച്ചന ശർമ പറഞ്ഞു. മന്ത്രി സറഫ് ആദ്യമായല്ല തെരുവിൽ മൂത്രമൊഴിക്കുന്നതെന്നും അവർ പറഞ്ഞു. ധോർപൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും വഴി ഈ മന്ത്രി തന്നെ പരസ്യമായി തെരുവിൽ മൂത്രമൊഴിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അർച്ചന പറഞ്ഞു. തെരഞ്ഞെടുപ്പു ജോലികളുടെ തിരക്കിലായതിനാൽ അന്ന് ഫോട്ടോ പിടിക്കാൻ വിട്ടുപോയെന്നും അവർ പറയുന്നു.
 

Latest News