പട്‌ന- ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് ജവാനെ ബിഹാർ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധിച്ച് നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ സ്വീകരിക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. ബിഹാറിലെ ഭോജ്പൂർ ജില്ലയിലെ പിറോ സ്വദേശിയായ സൈനികൻ മുജാഹിദ് ഖാൻ തിങ്കളാഴ്ച ശ്രീനഗറിലെ സി.ആർ.പി.എഫ് സൈനിക ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച സ്വദേശത്ത് ഖബറടക്ക ചടങ്ങുകൾക്കിടെയാണ് നാടകീയ രംഗങ്ങൾ.
ജവാനായ മുജാഹിദ് ഖാൻ വ്യാജ മദ്യം കഴിച്ചല്ല മരിച്ചതെന്നും രാജ്യത്തിനു വേണ്ടിയാണ് ജീവൻ ബലി നൽകിയതെന്നും കുടുംബം പറഞ്ഞു. ഖബറടക്ക ചടങ്ങിൽ എം.എൽ.എയോ സർക്കാരിന്റെ പ്രതിനിധികളോ മന്ത്രിമാരോ മുതിർന്ന ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. 'പണമല്ല വിഷയം ബഹുമാനമാണ്. വീരമൃത്യു വരിച്ച മറ്റൊരു സൈനികന് 11 ലക്ഷം രൂപ നൽകുമ്പോൾ ഇതേ സാഹചര്യത്തിൽ ജീവൻ വെടിഞ്ഞ മറ്റൊരു സൈനികന് ഈ തുകയുടെ പകുതി പോലും നൽകുന്നില്ല,' ജവാന്റെ സഹോദരൻ ഇംതിയാസ് ഖാൻ ആരോപിച്ചു. ബിഹാർ സർക്കാരിന്റെ നഷ്ടപരിഹാര ചട്ടം പ്രകാരം പാരാമിലിട്ടറി ജവാൻമാരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും സേന ജവാൻമാർക്കും ഉദ്യോഗസ്ഥർക്കും 11 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം.
അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഭോജ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജീവ് കുമാർ ആണ് നേരിട്ടെത്തി നൽകിയത്. എന്നാൽ കുടുംബം ഇതു സ്വീകരിച്ചില്ലെന്നും അവർക്കുണ്ടായ വിഷമം ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത് ആഭ്യന്തര വകുപ്പാണെന്നും തുകയിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പ്രതിനിധികൾ പങ്കെടുത്തില്ലെങ്കിലും സിആർപിഎഫിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ജവാന്റെ ഖബടക്കം.