ഫ്ളോറിഡ- അച്ചടക്ക ലംഘനത്തിന് സ്‌കൂളില്‍നിന്നു പുറത്താക്കിയ 19-കാരനായ വിദ്യാര്‍ഥി ഫ്ളോറിഡയിലെ സ്‌കൂളില്‍ അതിക്രമിച്ചെത്തി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പാര്‍ക്ലാന്‍ഡിലെ മാജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് സംഭവം. ഗ്യാസ് മാസ്്ക് ധരിച്ച് റൈഫിളുമായി എത്തിയ ആക്രമി സ്‌കൂളിലെത്തി സുരക്ഷാ അലാം വലിച്ച് വിദ്യാര്‍ഥികളേയും അധ്യാപകരേയും ജീവനക്കാരേയും ഭീതിപ്പെടുത്തിയ ശേഷമാണ് വെടിവച്ചത്. അലാം ശബദം കേട്ട് പരിഭ്രാന്തരായി വിദ്യാര്‍ത്ഥികളും മറ്റും ക്ലാസ് മുറികള്‍ക്കു പുറത്തേക്ക് ഇടനാഴികളിലേക്ക് കൂട്ടമായി ഇറങ്ങി ഓടുന്നതിനിടെയാണ് ഇയാള്‍ ആക്രമമഴിച്ചു വിട്ടത്. സ്‌കൂളിനുള്ളില്‍ കയറിയും ഇയാള്‍ വെടിയുതിര്‍ത്തു. 3,300 വിദ്യാര്‍ഥികളാണ് സ്‌കൂളിലുളളത്. പുറത്തേക്കിറങ്ങിയോടിയ വിദ്യാര്‍ഥികളെ സുരക്ഷയ്ക്കായി അധ്യാപകര്‍ ക്ലാസുകളിലേക്കു തന്നെ തിരികെ കയറ്റി.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെട്ട നിക്കോളാസ് ക്രസ് ആണ് ആക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്‌കൂളില്‍നിന്ന് കൂട്ടമായി ഇറങ്ങിയോടിയ വിദ്യാര്‍ഥികളുടെ കൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച ആക്രമിയെ സമീപ പ്രദേശത്തുനിന്നാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ബലപ്രയോഗങ്ങളൊന്നുമില്ലാതെ കീഴടങ്ങുകയായിരുന്നു. എആര്‍ 15 റൈഫിളും വെടിയുണ്ടകളുമായി ക്രസിന്റെ പക്കലുണ്ടായിരുന്നത്. യുഎസ് സൈന്യം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പരിശീലനം ലഭിച്ചയാളാണ് ക്രസ് എന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യു.എസില്‍ സകൂളുകളിലും കോളേജുകളിലും വെടിവെപ്പ് പുതുമയല്ലാതായിട്ടുണഅട്. എവരിടൗണ്‍ ഫോര്‍ ഗണ്‍ സേഫ്റ്റി എന്ന സംഘടനയുടെ കണക്കു പ്രകാരം വാലന്റൈന്‍സ് ദിനത്തില്‍ ഫളോറിഡയില്‍ നടന്ന വെടിവയ്പ്പ് ഈ വര്‍ഷത്തെ 18-ാമത് സംഭവമാണ്. ആര്‍ക്കും പരിക്കേല്‍ക്കാത്ത ആത്മഹത്യകളും ഇതിലുള്‍പ്പെടും.