തിരുവനന്തപുരം- ദത്ത് വിവാദത്തില്‍ യഥാര്‍ഥ അമ്മയ്ക്ക് നീതി ലഭിക്കണമെന്ന നിലപാടിലാണ് കുഞ്ഞിനെ ദത്തെടുത്തിരുന്ന വിജയവാഡയിലെ അധ്യാപക ദമ്പതികളെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പാലിച്ചാണ് കുഞ്ഞിനെ ദത്തെടുത്തിരുന്നതെന്നും വിവാദങ്ങള്‍ മനോവിഷമമുണ്ടാക്കിയെന്നും ഇവര്‍ പറഞ്ഞതായി കുഞ്ഞിനെ ഏറ്റുവാങ്ങിയ സംഘത്തിലെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിനെ അപ്രതീക്ഷിത സാഹചര്യത്തില്‍ തിരിച്ചു നല്‍കേണ്ടി വന്നതിനാല്‍ വീണ്ടും ദത്തിന് അപേക്ഷിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് െ്രെകംബ്രാഞ്ചിലെ രണ്ട് എസ്.ഐമാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ഇവരെ നേരത്തേ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം വിജയവാഡയിലേക്ക് എത്തുന്ന വിവരവും ഇവരെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഞായറാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തില്‍ പാളയത്തെ നിര്‍മല ശിശുഭവനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് ഇരുവരും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു. പരിശോധനാ ഫലം 48 മണിക്കൂറില്‍ ലഭിക്കും.
അതേസമയം, അനുപമക്ക് കുഞ്ഞിനെ കാണാന്‍ സാധിക്കുമെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണ്. നേരത്തെ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.