ജയ്പുര്‍- രാജസ്ഥാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.
പാര്‍ട്ടിയും നേതൃത്വവും സ്വീകരിച്ച നടപടി നല്ല സന്ദേശമാണ് നല്‍കുന്നത്. താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡും സര്‍ക്കാരും മനസിലാക്കിയതില്‍ സന്തോഷമുണ്ട്. പാര്‍ട്ടിയും നേതൃത്വവും ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെടുത്തത്. എല്ലാവരുടെയും അഭിപ്രായം പ്രധാനമാണ്. ഈ നീക്കം ആളുകളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കും. 2023-ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും പൈലറ്റ് പറഞ്ഞു.
അശോക് ഖലോട്ടിന്റെ പുതിയ മന്ത്രിസഭയില്‍ 30 മന്ത്രിമാരുണ്ടാകുമെന്ന് സൂചന. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ അഞ്ച് പേരും ഉണ്ടാകും.
പുനഃസംഘടനയില്‍ 15 പുതുമുഖങ്ങളെ പരിഗണിക്കുന്നുണ്ട്. നാല് പേര്‍ ജൂനിയര്‍ മന്ത്രിമാരായിരിക്കും. പൈലറ്റിന്റെ വിശ്വസ്തരായ ഹേമരം ചൗധരി, വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ബ്രിജേന്ദ്ര സിംഗ് ഓലയും മുരാരി ലാല്‍ മീണയും സഹമന്ത്രിമാരാകും.
സച്ചിനൊപ്പം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഖലോട്ട് മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയ വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവരുടെ തിരിച്ചുവരവിനും വഴിയൊരുക്കുന്നതാണ് പുനഃസംഘടന. പുതിയ മന്ത്രിസഭയില്‍ വിശ്വേന്ദ്ര സിംഗ് ടൂറിസവും ദേവസ്വവും കൈകാര്യം ചെയ്യും. മീണയ്ക്കു ഭക്ഷ്യവകുപ്പാണ് നല്‍കുക.
പഞ്ചാബിലെ നേതൃമാറ്റത്തിനു പിന്നാലെ ഖലോട്ടിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് വിഭാഗം രംഗത്തെത്തിയിരുന്നു.