ന്യൂദല്‍ഹി- ദല്‍ഹിയിലെ മാളവ്യ നഗറില്‍ വ്യാഴാഴ്ച യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും രണ്ടു വാട കൊലയാളികളും അറസ്റ്റില്‍. മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ അവിഹിതം ബന്ധം പിടികൂടിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് യുവതിയെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് കൊലപ്പെടുത്തിയത്. പ്രതി നവീന്‍ ഗുലേറിയ, വാടക ഗുണ്ടകളായ സോനു, രാഹുല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. യുവതിയുടെ ശരീരത്തില്‍ 17 കുത്തുകളേറ്റ പാടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് നവീന്‍ ഗുലേറിയ ഭാര്യയെ കൊല്ലാന്‍ വാടക ഗുണ്ടകളെ ഏര്‍പ്പാടാക്കിയത്. രക്തത്തില്‍ കുളിച്ച യുവതിയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചതും പ്രതിയാണ്.
പ്രതിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍ വ്യാഴാഴ്ച വൈകീട്ട് 4.30ന് ഇവരുടെ മകനെ കൊണ്ടുവിടാനായി വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലയാളികളെ തിരിച്ചറിയുകയായിരുന്നു. രണ്ടു പേര്‍ വീട്ടിലേക്ക് കയറിപ്പോകുന്നതും മൂന്ന് പേര്‍ പുറത്തേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. യുവതിയുടെ ഭര്‍ത്താവ് നവീനിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദ്പുരി സ്വദേശിയായ ഒരു യുവതിയുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. കൊലപാതകം നടന്ന ദിവസം നവീനും ഈ യുവതിയും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. പ്രതിയുടെ ബൈക്കില്‍ നിന്ന് അര ലക്ഷം രൂപയും മൊബൈല്‍ ഫോണും കണ്ടെടുത്തു. ഈ ഫോണില്‍ നിന്നാണ് വാടക കൊലയാളികളുടെ വിവരം ലഭിച്ചത്. പിന്നീട് ഇവരേയും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. തന്റെ അവിഹിത ബന്ധം നാലു മാസം മുമ്പ് ഭാര്യ അറിഞ്ഞിരുന്നുവെന്നും അതിനു ശേഷം തന്നെ സംശയിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.