ഗുരുദ്വാരകളില്‍ ജുമുഅ നമസ്‌കാരം നടന്നില്ല; മുസ്ലിംകൾ വരാത്തതിന് കാരണം ഇതാണ്

ഗുഡ്ഗാവ്- ഹിന്ദുത്വ തീവ്രവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം മുടങ്ങിയ മുസ്‌ലിംകള്‍ക്കു വേണ്ടി സിഖ് സമുദായം തുറന്നു കൊടുത്ത ഗുരുദ്വാരകളില്‍ വെള്ളിയാഴ്ച ജുമുഅ നടന്നില്ല. മിലേനിയം സിറ്റിയിലെ ഒരു ഗുരുദ്വാരയിലും മുസ്ലിംകള്‍ നമസ്‌കരിക്കാന്‍ എത്തിയില്ലെന്ന് ഗുരുദ്വാര കമ്മിറ്റി പറഞ്ഞു. ഗുരു നാനക് ജയന്തി ദിവസമായ വെള്ളിയാഴ്ച സിഖ് സഹോദരങ്ങള്‍ക്ക് അസൗകര്യമാകുമെന്ന് കണ്ടാണ് നമസ്‌കാരം വേണ്ടെന്നു വച്ചതെന്ന് മുസ്‌ലിം സമുദായംഗങ്ങള്‍ അറിയിച്ചതായി ഗുഡ്ഗാവിലെ ഗുരുദ്വാര സിങ് സഭാ കമ്മിറ്റി പറഞ്ഞു. ഗുരുദ്വാരകളില്‍ നമസ്‌കാരം സംഘടിപ്പിക്കുന്നതു സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കുമെന്നും കമ്മിറ്റി അറിയിച്ചു. 

മുസ് ലിംകള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ നമസ്‌കാരത്തിന് ഗുരുദ്വാരകളില്‍ സൗകര്യം ചെയ്തു നല്‍കാമെന്ന് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഗുരുപുരബ് ആഘോഷങ്ങള്‍ മാനിച്ച് മുസ്ലിംകള്‍ തന്നെ നമസ്‌കാരം സംഘടിപ്പിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നുവെന്ന് കമ്മിറ്റി വക്താവ് ദയാ സിങ് പറഞ്ഞു. കന്‍വര്‍ യാത്രയും നഗര്‍ കീര്‍തനും സംഘടിപ്പിക്കപ്പെടുമ്പോള്‍ പൊതുസ്ഥലങ്ങളിലും തുറന്ന ഇടങ്ങളിലും നമസ്‌കരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപ സമയത്ത് ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ച് മുസ്ലിംകള്‍ സാഹോദര്യം തെളിയിച്ചതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതിനിടെ പ്രദേശവാസിയായ ലഖിറാം യദുവംശി തന്റെ ഭൂമി നമസ്‌കാരം സംഘടിപ്പിക്കാന്‍ വിട്ടു നല്‍കി. നമസ്‌കരിക്കാന്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ തന്റെ ഭൂമി വിട്ടു നല്‍കാമെന്ന് അറിയിച്ച് മുസ്ലിം എക്താ മഞ്ച് ചെയര്‍മാനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും യദുവംശി പറഞ്ഞു.
 

Latest News