ബെര്‍ലിന്‍- കാറുകളുടെ സ്വന്തം രാജ്യമെന്നാണ് ജര്‍മനിയുടെ വിളിപ്പേര്. ഏറ്റവും മുന്തിയ കാറുകളുടെ ഉല്‍പാദനത്തിലൂടെ അഭിവൃദ്ധിപ്പെട്ട രാജ്യം കാറുകളുടെ പെരുപ്പം ഒഴിവാക്കാനും അന്തരീക്ഷ മലിനീകരണം തടയുന്നതിനും പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. തിരക്കേറിയ നഗരങ്ങളില്‍ പൊതുഗതാഗതം പൂര്‍ണ സൗജന്യമാക്കാനാണു നീക്കം. ബസുകളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര സൗജന്യമാകുന്നതോടെ ജനം കാറുകള്‍ വീട്ടില്‍ വെക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി നഗരങ്ങളിലെ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാം. വാഹനങ്ങളിലെ പുക പുറന്തള്ളലിലൂടെ ഉണ്ടാകുന്ന വലിയ പാരിസ്ഥിതിക ആഘാതം കുറയ്ക്കുകയും ചെയ്യാം.
സ്വകാര്യ കാറുകളെ എണ്ണം കുറക്കുന്നതിന് പൊതുഗതാഗതം സൗജന്യമാക്കുന്ന കാര്യം പരിഗണനയിലാണെന്ന് പരിസ്ഥിതി മന്ത്രി ബാര്‍ബറ ഹെന്‍ട്രിക്‌സ് ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ യൂറോപ്യന്‍ യൂണിയന്‍ പരിസ്ഥിതി കമ്മീഷണര്‍ക്ക് അയച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണം കഴിയാവുന്നത്ര വേഗത്തില്‍ തടയുന്നതിനാണ് മുന്‍ഗണനയെന്നും കത്തില്‍ പറയുന്നു. മുന്‍ തലസ്ഥാനമായ ബേണ്‍, വ്യവസായ നഗരങ്ങളായ എസ്സെന്‍, മാന്‍ഹൈം എന്നിവ ഉള്‍പ്പെടെ അഞ്ചു നഗരങ്ങളില്‍ വര്‍ഷാവസാനത്തോടെ ഇതു പരീക്ഷിക്കുമെന്നും കുറിപ്പില്‍ പറയുന്നു.