മുംബൈ- പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍നിന്ന്് 11,500 കോടിയിലേറെ രൂപ വെട്ടിച്ചതിനു പിന്നില്‍ സെലിബ്രിറ്റി ആഭരണ വ്യവസായി നീരവ് മോഡിയാണെന്ന സംശയം ബലപ്പെടുന്നു. പണം വെട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് നീരവ് മോഡിക്കെതിരെ സി.ബി.ഐക്ക് രണ്ടു പരാതികള്‍ നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ബാങ്കിന്റെ പരാതി സി.ബി.ഐക്ക് ലഭിച്ചതെന്നും ഇതു പരിശോധിച്ച് വരികയാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു. 280 കോടി രൂപയുടെ തട്ടിപ്പു കേസില്‍ സി.ബി.ഐ നീരവ് മോഡിക്കും പങ്കാളികള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് 11,500 കോടി രൂപയിലേറെ വരുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ മറ്റൊരു പരാതി കൂടി സി.ബി.ഐക്ക് ലഭിക്കുന്നത്.
11,544 കോടി രൂപയുടെ തട്ടിപ്പ് മുംബൈ ബ്രാഞ്ചില്‍ നടന്നതായി ബുധനാഴ്ച രാവിലെയാണ് ബാങ്ക് വെളിപ്പെടുത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പ്രത്യേക അക്കൗണ്ടുകളിലൂടെയാണ് അനധികൃത ഇടപാടുകള്‍ നടന്നത്. ഈ ഇടപാടുകളുടെ ബലത്തില്‍ വിദേശ ബാങ്കുകളില്‍നിന്നും ഇവര്‍ പണമെടുത്തിട്ടുണ്ടാകാമെന്നും സംശയമുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജനുവരി 29ന് നീരവ് മോഡിക്കെതിരെ സി.ബി.ഐക്ക് പരാതി നല്‍കിയിരുന്നു. തൊട്ടുപിറകെ ആദായ നികുതി അധികൃതര്‍ നീരവിന്റെ ദല്‍ഹി, സൂറത്ത്, ജയ്പൂര്‍് ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
48 കാരനായ മോഡി ഫയര്‍സ്റ്റാര്‍ ഡയമണ്ട് എന്ന ശതകോടികളുടെ രത്‌ന വ്യവസായ സ്ഥാപനത്തിന്റെ മേധാവിയാണ്. ബോളിവൂഡിനു പുറമെ ലോകത്തെ പ്രശസ്ത സെലിബ്രിറ്റികളുടെ ഇഷ്ട ബ്രാന്‍ഡാണിത്. ലോകത്തുടനീളം വന്‍കിട നഗരങ്ങളിലെല്ലാം നീരവ് മോഡിക്കു രത്‌നാഭരണ ഷോറൂമുകളുണ്ട്. 2016ല്‍ ഇന്ത്യയിലെ അതിസമ്പന്നരില്‍ ഒരാളായി ഫോബ്‌സ് എണ്ണിയ മോഡിയുടെ ആസ്തി 1.74 ദശലക്ഷം ഡോളര്‍ വരും.