ബംഗളൂരു- സംസ്ഥാനത്തെ ക്രിസ്ത്യന്‍ മിഷനുകളില്‍ സര്‍വേ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെ, മതപരിവര്‍ത്തനം നിരോധിക്കുന്ന ബില്‍ സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കരുതെന്ന ആവശ്യവുമായി ബംഗളൂരു ആര്‍ച്ച് ബിഷപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ബിഷപ്പ് കത്തയച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ തന്നെ ധാരാളമാണെന്നിരിക്കെ, മതപരിവര്‍ത്തന നിരോധ നിയമം കൊണ്ടുവരാനുള്ള നീക്കത്തെ കര്‍ണാടകയിലെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹവും ഒരേ സ്വരത്തില്‍ എതിര്‍ക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ മുഖ്യമന്ത്രി ബൊമ്മൈക്ക് എഴുതിയ കത്തില്‍ പറയുന്നു.
ക്രിസ്ത്യന്‍ മിഷനറിമാരുടെയും സ്ഥാപനങ്ങളില്‍ സര്‍വേ നടത്താനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
സമൂഹത്തിലെ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഇത്തരം വിവേചനപരമായ ബില്ലുമായി മുന്നോട്ടു പോകരുതെന്ന് മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും ആവശ്യപ്പെടുകയാണ്- ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മതപരിവര്‍ത്തനം തടയുന്ന നിയമം കൊണ്ടുവരുന്നതിന് കര്‍ണാകടയിലെ ബി.ജെ.പി സര്‍ക്കാരില്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് സമ്മര്‍ദം തുടരുകയാണ്.
ഡിസംബര്‍ 13ന് ആരംഭിക്കാനിരിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. മതപരിവര്‍ത്തന നിരോധ നിയമം ഉടന്‍ പാസാക്കണമെന്ന് കര്‍ണാടകയിലെ നിരവധി മഠാധിപതിമാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിയമം കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനത്തെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് മുന്നറിയിപ്പ് നല്‍കി.