മുസഫര്‍നഗര്‍- വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ കേന്ദ്ര മന്ത്രിക്ക് ഉത്തരംമുട്ടി. മുസഫര്‍നഗര്‍ എംപിയും മൃഗസംരക്ഷണ സഹമന്ത്രിയുമായി ഡോ. സഞ്ജീവ് ബല്യാന്‍ ആണ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിയത്. ഒടുവില്‍ പിന്‍വലിക്കാനായിരുന്നെങ്കില്‍ എന്തിനാണ് ഇത്രയും കാലം ഈ നിയമങ്ങളെ പിന്തുണക്കുകയും നടപ്പിലാക്കുമെന്ന് നിര്‍ബന്ധം പിടിച്ചതെന്നുമായിരുന്നു മന്ത്രിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനുള്ള മറുപടി ദല്‍ഹിയില്‍ കിട്ടുമെന്നും തനിക്കൊന്നും പറയാനില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഇത്രയും കാലം ഈ നിയമങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും വിപ്ലവകരമായ നിയമങ്ങളെന്നും വിശേഷിപ്പിച്ച ബിജെപി നേതാക്കളെല്ലാം ഇപ്പോള്‍ നിയമം പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തേയും പിന്തുണച്ച് രംഗത്തുണ്ട്. പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടെ നയതന്ത്ര വൈദഗ്ധ്യമാണെന്ന് ഇവരിപ്പോള്‍ പറയുന്നു.