ആഗ്ര- കൃഷ്ണ വിഗ്രഹത്തിന്റെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് ആഗ്രയിലെ ജില്ലാ ആശുപത്രിയില്‍ ചകിത്സ! ക്ഷേത്ര പൂജാരിയാണ് വിഗ്രഹത്തിന്റെ ഒടിഞ്ഞ കയ്യുമായി ചികിത്സ തേടിയെത്തിയത്. പൂജാരിയുടെ ആവശ്യപ്രകാരം ആശുപത്രി ജീവനക്കാര്‍ വിഗ്രത്തിന്റെ കയ്യില്‍ ബാന്‍ഡേജ് കെട്ടിക്കൊടുക്കുകയും ചെയ്തു. വിഗ്രഹത്തെ കുളിപ്പിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ താഴെ വീണ് കൈ ഒടിയുകയായിരുന്നുവെന്ന് പൂജാരി പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം ആശുപത്രി അധികൃതര്‍ വിസമ്മതിച്ചെങ്കിലും പൂജാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രീ കൃഷ്ണ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് വിഗ്രഹത്തെ ചികിത്സിക്കുകയായിരുന്നു.
വിഗ്രഹവും പിടിച്ച് കരയുന്ന പുരോഹിതന്‍ ലേഖ് സിങിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ലേഖ് സിങ് വിഗ്രഹവുമായി ആശുപത്രിയിലെത്തിയത്. അര്‍ജുന്‍ നഗര്‍ ഖേരിയ മോഡിലെ പഠ്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ലേഖ് സിങ്. വിഗ്രഹവുമായുള്ള വൈകാരികമായ അടുപ്പമാണ് ചികിത്സതേടാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൂജാരിയുടെ വികാരം മാനിച്ചാണ് വിഗ്രഹത്തിനു ചികിത്സ നല്‍കിയതെന്ന് ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ സുപ്രണ്ട് ഡോ. അശോക് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.