ബെംഗളൂരു- കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു മിനിറ്റു മുമ്പ് കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഗര്‍ഭിണിയടക്കമുള്ള മൂന്ന് യാത്രക്കാരെ ദുബായ് വിമാനത്തില്‍ കയറ്റിയില്ല. ബെംഗളൂരുവിലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് (കെ.ഐ.എ) സംഭവം. 3,000 രൂപ വീതം നല്‍കി അതിവേഗ ആര്‍.ടി.പി.സി.ആര്‍ എടുത്തിട്ടും കുടുംബത്തെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല.
ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന എല്ലാ യാത്രക്കാരും 48 മണിക്കൂറിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. റുഖ്‌സര്‍ മേമന്‍ (28), സുഹൈല്‍ സെയ്ദ് (39) ഇദ്ദേഹത്തിന്റെ മാതാവ് 63 വയസ്സായ മുംതാസ് മുനവര്‍ എന്നിവരാണ് ബംഗളൂരുവില്‍ അവധിക്കാലം ചെലവഴിച്ച് ദുബായിലേക്ക് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്.
സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സമ്മതിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട അധിക ചെലവുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.
ജീവനക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മണിക്കൂറെങ്കിലും എടുത്തതാണ് സര്‍ട്ടിഫിക്കറ്റിന്റെ സമയം അവസാനിക്കാന്‍ കാരണമായതെന്ന് യാത്രക്കാര്‍ പറഞ്ഞു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റിന് നിശ്ചിത കാലാവധി ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പരിഗണിക്കാന്‍ എയര്‍ലൈന്‍സ് മാനേജരോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ലെന്നും സുഹൈല്‍ പറഞ്ഞു.
ഗര്‍ഭിണിയായ ഭാര്യയും പ്രായമായ മതാവുമാണ് തന്നോടൊപ്പം ഉണ്ടായിരുന്നത്. നടപടികള്‍ മൂന്ന് മണിക്കൂറോളം നീട്ടിയെന്നും മാനേജര്‍ അടക്കമുള്ള ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ടെസ്റ്റിനായി സാമ്പിള്‍ ശേഖരിച്ചതു മുതലാണ് വിമാന കമ്പനികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത കാലയളവ് കണക്കാക്കുന്നത്.