ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും മോശം പോലീസിങ് ബിഹാറിലും യുപിയിലുമാണെന്ന് സര്‍വെ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് രാജ്യത്തെ മികച്ച പോലീസ് സംവിധാനമുള്ളതെന്നും സ്വതന്ത്ര ഏജന്‍സിയായ ഇന്ത്യന്‍ പോലീസ് ഫൗണ്ടേഷന്‍ രാജ്യത്തുടനീളം നടത്തിയ സര്‍വെ പറയുന്നു. മിക്ക പോലീസിങ് സൂചികകളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലാണ്. ആന്ധ്ര പ്രദേശ്, തെലങ്കാന, അസം, കേരള, സിക്കിം എന്നീ സംസ്ഥാനങ്ങളിലേതാണ് മികച്ച പോലീസ്. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം പോലീസെന്നും ഐപിഎഫ് സ്മാര്‍ട് പോലീസിങ് സൂചിക 2021 പറയുന്നു. പോലീസിന്റെ വിശ്വാസ്യതയിലും സത്യസന്ധതയിലും ഏറ്റവും താഴ്ന്ന സ്‌കോറാണ് ബിഹാറിനും യുപിക്കും ലഭിച്ചത്.
രാജ്യത്തെ 69 ശതമാനം പേരും പോലീസ് സംവിധാനത്തില്‍ തൃപ്തരാണെന്നും സര്‍വെ പറയുന്നു. പോലീസിങ് സംവിധാന മെച്ചപ്പെടുത്താന്‍ ഈ റിപോര്‍ട്ട് സംസ്ഥാനങ്ങള്‍ക്ക് സഹായകമാകുമെന്ന് ഐപിഎഫ് ചെയര്‍മാനും മുന്‍ യുപി ഡിജിപിയുമായ പ്രകാശ് സിങ് പറഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എന്‍ രാമചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് സര്‍വെ നടത്തിയത്. രാജ്യത്തുടനീളം ഒന്നര ലക്ഷത്തിലേറെ ആളുകളെ ഉള്‍പ്പെടുത്തി അഞ്ചു മാസം സമയമെടുത്താണ് സര്‍വെ പൂര്‍ത്തിയാക്കിയത്.