ന്യൂദല്‍ഹി- രാജ്യത്തുടനീളം കര്‍ഷക സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ച വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഒരു വര്‍ഷം നീണ്ട കര്‍ഷക സമരത്തിനൊടുവിലാണ് കേന്ദ്രം മുട്ടുമടക്കിയത്. നേരത്തെ നിരവധി തവണ കര്‍ഷക നേതാക്കളും കേന്ദ്ര സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ദല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുമെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചു നിന്നു. കര്‍ഷക സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു. രാജ്യം ഉറ്റു നോക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ കേന്ദ്രം വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോഡിയുടെ പ്രഖ്യാപനം. കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടി നടപ്പിലാക്കിയ പദ്ധതികളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. പ്രാദേശിക ചന്തകള്‍ ശക്തിപ്പെടുത്തു താങ്ങുവില നല്‍കുന്നുവെന്നും കര്‍ഷകരിലേറേയും രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ളവരും ദരിദ്രരുമാണെന്നും മോഡി പറഞ്ഞു. കര്‍ഷകര്‍ക്കു വേണ്ടിയുള്ള ബജറ്റ് വിഹിതം അഞ്ചു തവണ ഉയര്‍ത്തി. താങ്ങുവില വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ചെറുകിട കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നേരിട്ടു കൈമാറാന്‍ തുടങ്ങിയതും ഈ സര്‍ക്കാരിന്റെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.