മുംബൈ- ശബരിമലയിൽ അരവണ പ്രസാദവും അപ്പവും നിർമിക്കാനായി ഉപയോഗിക്കുന്നത് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള 'ഹലാൽ ശർക്കര'യെന്ന ബി.ജെ.പിയുടെ വാദങ്ങൾ പൊളിയുന്നു. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമിക്കുന്നത്. കമ്പനിയുടെ ചെയർമാർ മഹാരാഷ്ട്രയിലെ ശിവസേനാ നേതാവായ ധൈര്യശീൽ ധ്യാൻദേവ് കദം ആണെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകൾ വ്യക്തമാക്കുന്നു. മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള കമ്പനിയാണ് ശർക്കര നിർമ്മിക്കുന്നത് എന്നായിരുന്നു ബി.ജെ.പി വാദം.
2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ധൈര്യശീൽ ധ്യാൻദേവ് കദം ശിവസേന സ്ഥാനാർത്ഥിയായിരുന്നു. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ വർധൻ അഗ്രോയുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗരി പൗഡർ. പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്റെ വർധൻ അഗ്രോ പ്രോസസിംഗ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.