ന്യൂദല്‍ഹി- അരുണാചല്‍ പ്രദേശ് അതിര്‍ത്തികടന്ന് ചൈന മറ്റൊരു കെട്ടിട സമുച്ചയം കൂടി നിര്‍മിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍. 60ഓളം കെട്ടിടങ്ങള്‍ അടങ്ങുന്ന ഒരു എന്‍ക്ലേവാണ് ചൈന നിര്‍മിച്ചിരിക്കുന്നത്. ഇവ 2019ല്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷമെടുത്ത പുതിയ സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഈ കെട്ടിടങ്ങള്‍ കാണാം. രാജ്യാന്തര അതിര്‍ത്തിക്കും അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കുമിടയില്‍ ഏകദേശം ആറു കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് പുതിയ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇവിടെ ആള്‍താമസമുണ്ടോ എന്ന് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമല്ല. അതിര്‍ത്തി നിയന്ത്രണ രേഖയ്ക്ക് വടക്ക് ചൈനീസ് മേഖലയ്ക്കുള്ളിലാണ് ഈ കെട്ടിടങ്ങളെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇവ രാജ്യാന്തര അതിര്‍ത്തിക്കും അതിര്‍ത്തി നിയന്ത്രണ രേഖയ്ക്കുമിടയിലാണെന്ന കാര്യം സൈന്യം തള്ളിയിട്ടില്ല.
അരുണാചലില്‍ നേരത്തെ ചൈന നിര്‍മിച്ച ഗ്രാമത്തില്‍ നിന്നും 93 കിലോമീറ്റര്‍ കിഴക്കാണ് പുതിയ കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. ചൈന അരുണാചലില്‍ ഗ്രാമം പണിതതായി ജനുവരിയില്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തിരുന്നു. ഇതു സ്ഥിരീകരിച്ച് ഈയിടെ യുഎസ് പ്രതിരോധ വകുപ്പിന്റെ റിപോര്‍ട്ടും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ കെട്ടിട സമുച്ചങ്ങളുടെ ചിത്രവും എന്‍ഡിടിവി പുറത്തു വിട്ടിരിക്കുന്നത്.