അമൃത്‌സര്‍- ബിജെപി പഞ്ചാബ് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയുടെ നേതൃത്വത്തിലുള്ള 21 അംഗ പാര്‍ട്ടി പ്രതിനിധി സംഘം കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി വഴി പാക്കിസ്ഥാനിലെത്തി. കര്‍താര്‍പൂര്‍ തീര്‍ത്ഥാടന ഇടനാഴി വീണ്ടും തുറന്ന ദിവസമാണ് കര്‍താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശനത്തിനായി ബിജെപി സംഘം പാക്കിസ്ഥാനിലെത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ അടച്ച തീര്‍ത്ഥാടന ഇടനാഴി ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. സിഖ് മതസ്ഥാപകന്‍ ഗുരു നാനകിന്റെ അന്ത്യവിശ്രമ സ്ഥലമായ കര്‍താര്‍പൂര്‍ പ്രധാന സിഖ് തീര്‍ത്ഥാടന കേന്ദ്രമാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവല്‍ ജില്ലയിലെ ശക്കര്‍ഗഢിലാണ് കര്‍താര്‍പൂര്‍. ഗുരു നാനകിന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമയമാണിപ്പോള്‍. ഇതിനു മുന്നോടി ആയാണ് കര്‍താര്‍പൂര്‍ ഇടനാഴി ഇന്ത്യ വീണ്ടും തുറന്നത്. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് കര്‍താര്‍പൂര്‍ തീര്‍ത്ഥാടന ഇടനാഴി സ്ഥാപിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും മന്ത്രിമാരും എംഎല്‍എമാരും മറ്റു പ്രധാനവ്യക്തികളും അടങ്ങുന്ന സംഘവും ഗുരുദ്വാര കര്‍താര്‍പൂര്‍ സാഹിബ് സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലേക്കു പോകുന്നുണ്ട്.