എടക്കര- ടർഫിൽ ഫുട്ബാൾ കളിക്കാൻ എത്തിയിരുന്ന 16 കാരന് മദ്യവും പുകയില ഉൽപന്നങ്ങളും നൽകി ലഹരിക്ക് അടിമയാക്കാൻ ശ്രമിച്ചതിന് മധ്യവയസ്‌കനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പുന്നക്കൽ പാറോപ്പാടത്ത് നാണി എന്ന സുബ്രഹ്‌മണ്യനാണ് (50)
അറസ്റ്റിലായത്.
കഴിഞ്ഞ കുറച്ച് ദിസങ്ങളായി കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങളെ തുടർന്ന് പിതാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്തതോടെ സുബ്രഹ്‌മണ്യനാണ് മയക്കുമരുന്ന് നൽകിയിരുന്നതെന്ന് കണ്ടെത്തി. വഴിക്കടവ് പോലീസ് ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടെ വഴിക്കടവ് ആനമറിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടർഫിൽ വെച്ചാണ് പ്രതി കുട്ടിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ലഹരി പദാർഥങ്ങൾ നിർബന്ധിച്ച് കൊടുക്കുകയായിരുന്നു. പോലീസിന്റെ അവസരോചിത ഇടപെടലാണ് 16 കാരനെ ലഹരി മാഫിയയിൽ നിന്നു രക്ഷപ്പെടുത്തിയത്. വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൽ ബഷീർ, എസ്.ഐ തോമസ് കുട്ടി ജോസഫ്, പോലീസ് ഓഫീസർമാരായ സുനു നൈനാൻ, റിയാസ് ചീനി, പി. ജിതിൻ, പി.വി. നിഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.